KeralaNEWS

ക്യാംപസുകളില്‍ പുറത്തു നിന്നുള്ള കലാപരിപാടി തല്‍ക്കാലം വേണ്ട; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

കൊച്ചി: കോളജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എം സിയാദ് റഹ്‌മാന്റെ ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവിലെ ക്ലോസ് 3 (12) ലാണ് ഇത് സംബന്ധിച്ച് പറയുന്നത്. വിജ്ഞാപനത്തില്‍ പറയുന്ന പ്രകാരം അനുമതി നല്‍കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കാനും ഷെഡ്യൂള്‍ ചെയ്യാനും ഫണ്ട് നല്‍കാനും അനുവദിക്കുന്ന വ്യവസ്ഥയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കോളജിന്റെ സുരക്ഷയെയും അച്ചടക്കത്തെയും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

Signature-ad

കുട്ടികളടക്കം വലിയ ജനക്കൂട്ടത്തെ താങ്ങാന്‍ സൗകര്യമില്ലാത്തതാണ് കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍. വലിയ ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരല്ല പ്രിന്‍സിപ്പലും അധ്യാപകരും. എന്നാല്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമാണ്. 2015-ല്‍ പുറത്തു നിന്നുള്ള പരിപാടികള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഡി.ജെ. അടക്കമുള്ള സംഗീതപരിപാടികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

അതേസമയം ഉത്തരവ് ഇത്തരം പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കാനുള്ള സ്ഥാപന മേധാവിയുടെ വിവേചനാധികാരത്തെ വിലക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയും പോലെ പൊലീസ് അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണം.

കുസാറ്റ് ടെക്ഫെസ്റ്റിനിടെ നടന്ന സംഗീത പരിപാടി നാല് പേരുടെ ദാരുണമായ മരണത്തിനും 64 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കുസാറ്റിലെ അപകടത്തെത്തുടര്‍ന്നാണ് സംസ്ഥാനത്തെ ക്യാമ്പസുകളുടേയും ഹോസ്റ്റലുകളുടേയും അഫിലിയേറ്റഡ് കോളജുകളുടേയും സുഗമമായ പ്രവര്‍ത്തനത്തിന് ഏപ്രില്‍ 9ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിബന്ധകള്‍ കൃത്യമായി പാലിച്ചുകൊണ്ട് ക്യാമ്പസിനകത്തും പുറത്തും പ്രൊഫണല്‍ ഗ്രൂപ്പുകളുടേയോ മറ്റ് ഏന്‍സികളുടേയോ പെയ്ഡ് പ്രോഗ്രാമുകള്‍ നടത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്നായിരുന്നു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. പരിപാടിയെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ പ്രിന്‍സിപ്പലിനെ അഞ്ചുദിവസം മുന്‍പുമാത്രം അറിയിച്ചാല്‍ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

 

Back to top button
error: