CrimeNEWS

രാത്രി കുറ്റിക്കാടുകളില്‍ പതിയിരുന്ന് പോലീസുകാര്‍; പക്കിയെ പൊക്കിയതിങ്ങനെ…

ആലപ്പുഴ: രണ്ടുമാസത്തിനിടെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറോളം മോഷണങ്ങള്‍ നടത്തിയ കൊല്ലം ശൂരനാട് തെക്കേമുറിയില്‍ കുഴിവിള വടക്കതില്‍ സുബൈര്‍ (പക്കി സുബൈര്‍-51) മാവേലിക്കര പോലീസിന്റെ പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ ചെട്ടികുളങ്ങര ഈരേഴ തെക്ക് മേഖലയിലെ മോഷണശ്രമത്തിനുശേഷം റെയില്‍വേ ട്രാക്കിലൂടെ വന്ന സുബൈറിനെ വന്‍ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ടുപിടികൂടി. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് സുബൈര്‍ നടന്നുവരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. രണ്ടുവര്‍ഷംമുന്‍പും മാവേലിക്കര പോലീസ് ഇയാളെ പിടികൂടിയിരുന്നു.

Signature-ad

മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലെ കടകളുടെയും കാണിക്കവഞ്ചികളുടെയും പൂട്ട് കുത്തിത്തുറന്നായിരുന്നു മോഷണങ്ങളിലധികവും. അടിവസ്ത്രംമാത്രം ധരിച്ച് മോഷണംനടത്തുന്ന ഇയാള്‍ പൂട്ടു തകര്‍ത്തിരുന്നതില്‍ അതിവിദഗ്ധനാണ്.

രണ്ടുമാസമായി ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ മോഷണങ്ങളെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: കെ.എന്‍. രാജേഷിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

സുബൈര്‍ വരാന്‍സാധ്യതയുള്ള സ്ഥലങ്ങളും കടകളും പോലീസ് നിരീക്ഷണത്തിലായിരുന്നു. മോഷണത്തിനു ട്രെയിന്‍മാര്‍ഗമാണ് സുബൈര്‍ എത്തുന്നതെന്നു മനസ്സിലാക്കിയ പോലീസ്, വിവിധ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു.

പക്കി സുബൈര്‍ തലവേദനയായതോടെ ഇയാളെ പിടികൂടാന്‍ പോലീസ് മാവേലിക്കര റെയില്‍വേ സ്റ്റേഷനു സമീപം താത്കാലിക ക്യാമ്പ് തുടങ്ങി. റെയില്‍വേ സ്റ്റേഷനില്‍നിന്നു പവര്‍ഹൗസ് ജങ്ഷനിലേക്കുള്ള റോഡരികിലെയും സ്റ്റേഷനു കിഴക്ക് എഫ്.സി.ഐ. റോഡരികിലെയും കുറ്റിക്കാടുകളില്‍ മഫ്തിയിലുള്ള പോലീസ് രാത്രി 12-നുശേഷം മണിക്കൂറുകളോളം പതിയിരുന്നു. പോലീസിന്റെ ജീപ്പ് മറുതാക്ഷി ക്ഷേത്രത്തിനുപിന്നിലുള്ള സ്ഥലത്ത് ആരും കാണാത്തവിധം ഒളിപ്പിച്ചിട്ടു.

റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും ഗേറ്റ് കീപ്പര്‍മാര്‍ക്കും ഗ്യാങ് മാന്മാര്‍ക്കും പക്കി സുബൈറിന്റെ ഫോട്ടോയും വിവരങ്ങളും നല്‍കി. ചെട്ടികുളങ്ങര മുതല്‍ കുന്നംവരെ മാവേലിക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കിന്റെ സമീപത്തേക്കെത്തുന്ന റോഡുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇങ്ങനെ ദിവസങ്ങള്‍നീണ്ട പരിശ്രമത്തിനൊടുവിലാണ് പക്കി സുബൈറിനെ വീണ്ടും പിടികൂടാനായത്.

അതേസമയം, ഒന്നര മാസത്തിനിടെ ഹരിപ്പാട്, ചേപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലായി പക്കി സുബൈര്‍ നടത്തിയത് ഒട്ടേറെ മോഷണങ്ങളാണ്. ജൂണ്‍ ആദ്യം ചേപ്പാട്ടായിരുന്നു തുടക്കം. പിന്നാലെ, ഹരിപ്പാട് ആര്‍.കെ. ജങ്ഷനിലും അരണപ്പുറത്തും കരുവാറ്റയിലും മോഷണം നടത്തി. തുടര്‍ന്ന്, രണ്ടുപ്രാവശ്യമായി ചേപ്പാട്ടെ കടകളിലും വീടുകളിലും കയറി. മുപ്പതോളം മോഷണങ്ങളും മോഷണശ്രമങ്ങളുമാണ് ഹരിപ്പാട് മേഖലയില്‍ ഇയാള്‍ നടത്തിയിട്ടുള്ളത്.

 

 

Back to top button
error: