HealthLIFE

എന്തുകൊണ്ടാണ് മഴക്കാലത്ത് സ്ത്രീകള്‍ക്ക് മൂത്രാശയ അണുബാധ കൂടുതലായി വരുന്നത്?

ല്ലാവരെയും വളരെ പൊതുവായി ബാധിക്കുന്ന ഒരു അവസ്ഥയാണ് മൂത്രാശയ അണുബാധ. പൊതുവെ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. വളരെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകാറുണ്ട്. കൂടാതെ ഇത് ചികിത്സിക്കാതെ പോകുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പൊതുവെ മഴക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ അധികമായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് മഴക്കാലത്ത് മൂത്രാശയ അണുബാധകള്‍ ഉണ്ടാകുന്നത് കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ഇത് മനസിലാക്കി ശരിയായ രീതിയിലുള്ള പരിചരണം ചെയ്യാന്‍ ശ്രമിക്കണം.

എന്താണ് മൂത്രാശയ അണുബാധ?
വൃക്കകള്‍ ഉള്‍പ്പെടെ മൂത്രനാളി, മൂത്രസഞ്ചി തുടങ്ങി മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുന്ന അണുബാധകളെയാണ് യുടിഐകള്‍ എന്ന് വിളിക്കുന്നത്. മിക്ക അണുബാധകളിലും താഴ ഭാഗത്തെ മൂത്രനാളിയെയാണ് ബാധിക്കുന്നത് അഥായത് മൂത്രാശയത്തെയും മൂത്രനാളിയെയും. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ മൂത്രധ്വാരത്തിന് നീളം കുറവായത് കൊണ്ടാണ് പെട്ടെന്ന് യുടിഐ ബാധിക്കുന്നത്. ഇത് മൂലം ബാക്ടീരിയകള്‍ വേഗത്തില്‍ ബ്ലാഡറിലേക്ക് കടക്കുന്നു. നിരന്തരമായതും ശക്തമായതുമായ മൂത്രമൊഴിക്കാനുള്ള തോന്നല്‍, അതികഠിനമായ വേദന, പെല്‍വിക് വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്.

Signature-ad

ഈര്‍പ്പം
മഴക്കാലത്ത് മൂത്രാശയ രോഗങ്ങള്‍ കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതമായ ഈര്‍പ്പം. മഴക്കാലത്തെ അമിതമായ ഈര്‍പ്പവും മറ്റും ബാക്ടീരിയകളെ വേഗത്തില്‍ വളരാന്‍ ഇടയാക്കും. സ്ത്രീകള്‍ക്ക് ജനനേന്ദ്രിയത്തില്‍ അമിതമായ വിയര്‍പ്പും അതുപോലെ നനവും കൂടുതലായിരിക്കും. ഇത് മൂലം ഈ സ്ഥലങ്ങളില്‍ എഷെറിച്ചിയ കോളി (ഇ. കോളി) പോലുള്ള ബാക്ടീരിയകളുടെ വ്യാപനം ഉണ്ടാകുകയും യുടിഐ ബാധിക്കുകയും ചെയ്യുന്നു.

നനഞ്ഞ വസ്ത്രങ്ങള്‍
പൊതുവെ മഴക്കാലത്ത് വസ്ത്രങ്ങള്‍ മഴയത്ത് ഉണങ്ങാന്‍ വലിയ പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മഴ നനഞ്ഞ ശേഷം എത്രയും വേഗം വസ്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുക. നനഞ്ഞ അടിവസ്ത്രങ്ങള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് വേഗത്തില്‍ ബാക്ടീരിയ വളര്‍ച്ച ഉണ്ടാകാന്‍ കാരണമാകും. നനവ് ബാക്ടീരിയകള്‍ക്ക് വളരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

പ്രതിരോധ ശേഷി കുറയുക
പ്രതിരോധ ശേഷി കുറയുന്നതും അണുബാധ ഉണ്ടാകാനുള്ള ഒരു പ്രധാന പ്രശ്‌നമാണ്. കാലാവസ്ഥ മാറുമ്പോള്‍ രോഗപ്രിതരോധ ശേഷിയും കുറഞ്ഞ് പോകാം. ഇത് അണുബാധ എളുപ്പത്തില്‍ പിടിപ്പെടാന്‍ കാരണമാകുന്നു. പെട്ടെന്ന് ചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുമ്പോള്‍ ചില വ്യക്തികള്‍ക്ക് പുതിയ കാലാവസ്ഥയുമായി അഡ്ജസ്റ്റാകാന്‍ സമയമെടുക്കുന്നതാണ് ഇതിന് കാരണം. പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ശരീരത്തിന് ബാക്ടീരിയകളോട് പൊരുതാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കാന്‍ സാഹയിക്കും.

നിര്‍ജ്ജലീകരണം
മഴ സമയത്ത് പൊതുവെ എല്ലാവര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ് നിര്‍ജ്ജലീകരണം. തണുപ്പും മഴയുമൊക്കെ ആകുമ്പോള്‍ ദാഹം കുറയുന്നത് കാരണം പലരും വെള്ളം കുടിക്കാന്‍ മറക്കും അല്ലെങ്കില്‍ മടി കാണിക്കും. ഇത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അധികം വെള്ളം കുടിക്കാത്തത് കൊണ്ട് തന്നെ മൂത്രമൊഴിക്കാന്‍ തോന്നാതിരിക്കുന്നത് സ്വാഭാവികമാണ്. ഇത് മൂത്രനാളിയില്‍ ബാക്ടീരിയ ദീര്‍ഘനേരം ഇരിക്കാനും വേഗത്തില്‍ വളരാനും ഇടയാക്കും.

എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. മൂത്രമൊഴിച്ച ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗം കഴുകി വ്യത്തിയാക്കുക. നനഞ്ഞ അടിവസ്ത്രങ്ങള്‍ ദീര്‍ഘനേരം ഉപയോഗിക്കാതെ അത് പെട്ടെന്ന് തന്നെ മാറ്റാന്‍ ശ്രമിക്കണം. മൂത്രമൊഴിക്കാന്‍ തോന്നിയിട്ടും പോകാതെ ദീര്‍ഘനേരം പിടിച്ച് വയ്ക്കരുത്. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കണം. കൂടാതെ രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള ഭക്ഷണവും മറ്റും ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

 

Back to top button
error: