Breaking NewsIndiaNEWSpolitics

കഴിഞ്ഞയാഴ്ച തിരുച്ചി വേലുസാമിയുമായി കൂടിക്കാഴ്ച, ഈ ആഴ്ച രാഹുലിന്റെ സുഹൃത്ത് പ്രവീണ്‍ ചക്രവര്‍ത്തിയുമായും കൂടിക്കാഴ്ച ; വിജയ് യും ടിവികെയും കോണ്‍ഗ്രസിലേക്കോ?

ചെന്നൈ: ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങുന്നതായി അഭ്യൂഹം. ഇക്കാര്യത്തില്‍ ടിവികെ ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ലെങ്കിലും രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്.

വിജയ് യും പിതാവും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വിവരമുണ്ട്. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രവീണ്‍ ചക്രവര്‍ത്തി. നേരത്തേ തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണ് വിജയ് എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Signature-ad

തിരുച്ചി വേലുസാമിയുമായി സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും കാറില്‍ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ടിവികെ തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ടിവികെ ഏറ്റവും വിമര്‍ശിക്കുന്ന പാര്‍ട്ടികളില്‍ ഒന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയാണ്. നേരത്തേ വിജയ് എന്‍ഡിഎയില്‍ ചേരുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും വിജയ് പ്രതികരിച്ചില്ല.

Back to top button
error: