അറസ്റ്റും ഉണ്ടാകില്ല, ഒളിവ് ജീവിതം അവസാനിപ്പിക്കാനും കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് തടസമായി രണ്ടാമത്തെ ബലാത്സംഗ കേസ്; സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി; ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരന്‍

ബലാൽസംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാവലയം കോണ്‍ഗ്രസിന്റേതാണ്. രാഹുലിന്റെ മാത്രം കഴിവുകൊണ്ടല്ല അയാള്‍ ഒളിച്ചിരിക്കുന്നത്. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണ്. കോടതി പരിഗണിക്കുന്നതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹൈക്കോടതിയുടെ അടുത്ത നടപടി എന്താണെന്ന് കാത്തിരിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ചെയ്യേണ്ടതൊക്കെ ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, രാഹുൽ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നു കെ. മുരളീധരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് രാഹുൽ . ജാമ്യം കിട്ടുകയോ കിട്ടാതെയോ ഇരിക്കട്ടെ . കർണാടകയിൽ സംരക്ഷണം ഒരുക്കി എന്നത് പൊലീസ് വാദമാണ്. സംസ്ഥാന ഡിജിപി കർണാടക ഡിജിപിയുമായി ബന്ധപ്പെട്ടോ? . സംസ്ഥാന ഡിജിപി മറ്റ് ഡിജിപിമാരുമായി ബന്ധപ്പെടണം . അല്ലാതെ വാചക കസർത്ത് നടത്തുകയല്ല വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്നു കെ. സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി കൊണ്ടുപോകാനായിരുന്നു നീക്കം. കയ്യെത്തും ദൂരെ ഉണ്ടായിട്ട് പിണറായിയുടെ പൊലീസിന് പിടിക്കാൻ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
അറസ്റ്റ് തടഞ്ഞെങ്കിലും ഒളിവ് ജീവിതം അവസാനിപ്പിക്കാന്‍ രാഹുലിന് തടസമായി രണ്ടാമത്തെ ബലാല്‍സംഗക്കേസ്. രണ്ടാം കേസിലും മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കി. പരാതിക്കാരിയുടെ മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ചും തുടങ്ങി. എന്നാല്‍ ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞതിനാല്‍ രണ്ടാം കേസില്‍ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തേക്കില്ല.
പാലക്കാട് നിന്ന് മുങ്ങി, കോയമ്പത്തൂരും പൊള്ളാച്ചിയും ബാഗല്ലൂരും കടന്ന് ബെംഗളൂരുവിലെത്തി നില്‍ക്കുന്ന രാഹുലിന്‍റെ ഒളിവ് ജീവിതം തുടങ്ങിയിട്ട് പത്ത് ദിവസമായി. പിന്നാലെ പൊലീസുമുണ്ടെങ്കിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അവര്‍ക്ക് ഇനി കയ്യില്‍ കിട്ടിയാലും രാഹുലിനെ പിടിക്കാനാവില്ല. പിടിക്കാന്‍ പോയ പൊലീസ് സംഘം കേരളത്തിലേക്ക് മടങ്ങും. ആ ധൈര്യത്തില്‍ രാഹുലിന് ഒളിവ് ജീവിതം അവസാനിപ്പിക്കാനും സാധിക്കില്ല. രണ്ടാം ബലാല്‍സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞിട്ടില്ലെന്നതാണ് പ്രധാന തടസം.
രണ്ടാം കേസില്‍ ഉടനടി രാഹുലിനെ പിടിക്കാന്‍ പൊലീസും തയാറായേക്കില്ല. പരാതിക്കാരിയുടെ വിശദമൊഴി ലഭിച്ചിട്ടില്ല. മൊഴിയെടുത്ത് മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്താല്‍ മാത്രമേ ബലാല്‍സംഗക്കേസില്‍ പ്രാഥമിക നടപടി പൂര്‍ത്തിയാകു. അതിന് മുന്‍പുള്ള അറസ്റ്റ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. അതിനാല്‍ ഇന്നോ നാളെയോ പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് ക്രൈെബ്രാഞ്ച്. മൊഴിയെടുത്ത് നടപടി പൂര്‍ത്തിയാക്കിയാലും ഒരു കേസില്‍ അറസ്റ്റിന് വിലക്കുണ്ടായിരിക്കെ പിടിച്ചാല്‍ തിരിച്ചടിയാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. അതിനാല്‍ നിയമോപദേശം തേടിയായിരിക്കും തുടര്‍ തീരുമാനം.
രണ്ട് കേസിലും പരമാവധി തെളിവ് ശേഖരിച്ച് രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് പൊലീസിന്‍റെ മുന്നിലെ ഇനിയുള്ള പ്രധാനവെല്ലുവിളി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനായാല്‍ പൊലീസിന് നേട്ടവും രാഹുലിന് കുരുക്കുമാവും. ജാമ്യം കിട്ടിയാല്‍ രാഹുലിന് ജയില്‍ വാസം ഒഴിവാകും. പിന്നീട് കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോവുകയെന്ന സാധാരണ നടപടിയിലേക്ക് കടക്കേണ്ടിവരും.






