LIFELife Style

സംഗീതലോകത്തെ മഹാരാജ; 81ന്റെ നിറവില്‍ ‘ഇസൈജ്ഞാനി’ ഇളയരാജ!

സംഗീതലോകത്ത് പകരക്കാരനില്ലാത്ത പേരാണ് ‘ഇസൈജ്ഞാനി’ ഇളയരാജ. ആയിരത്തിലധികം സിനിമകള്‍, അവയിലെ പാട്ടുകള്‍… ഒരു ഇളയരാജ ഗാനം ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ഈണങ്ങളെ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമാക്കിയതിന് ഇളയരാജയുടെ പങ്ക് വളരെ വലുതാണ്. തെന്നിന്ത്യയുടെ സംഗീത ചക്രവര്‍ത്തി ഇളയരാജയ്ക്കിന്ന് 81 ാം പിറന്നാള്‍.

1943 ജൂണ്‍ 2 ന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സില്‍ അര്‍ധസഹോദരനായ പാവലര്‍ വരദരാജന്‍ നയിച്ചിരുന്ന പാവലര്‍ ബ്രദേഴ്‌സില്‍ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവന്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്നു അത്. പ്രമുഖ കവി കണ്ണദാസന്‍ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനു സമര്‍പ്പിച്ചു. 1968ല്‍ ഇളയരാജ പ്രഫസര്‍ ധന്‍രാജിനു കീഴില്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികള്‍ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധന്‍രാജിന്റെ ശിക്ഷണത്തിലാണ്.

Signature-ad

1976 ല്‍ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്. തുടര്‍ന്ന് രാജാ സംഗീതത്തിന്റെ പ്രവാഹമായിരുന്നു. തമിഴ്‌നാടിന്റെ നാടന്‍ശൈലീസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. ആ ശൈലിയില്‍ അഭിരമിച്ച സംഗീതപ്രേമികള്‍ ഇന്നും ഈ രാജയുടെ സംഗീതത്തിനായി കാത്തിരിക്കുന്നു.

തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി 4500 ഓളം ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1993ല്‍ ക്ലാസ്സിക് ഗിറ്റാറില്‍ ഇളയരാജ ലണ്ടനിലെ ട്രിനിറ്റി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സില്‍ നിന്നു സ്വര്‍ണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ട്രയില്‍ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബിബിസി തിരഞ്ഞെടുത്ത ഗാനങ്ങളില്‍ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട ‘രാക്കമ്മ കയ്യേ തട്ട്’ എന്ന ഗാനവുണ്ടെന്നത് ഇന്ത്യാക്കാര്‍ക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.

നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇളയരാജ, നാല് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നു തവണ മികച്ച സംഗീതസംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു. കൂടാതെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്‌കാരം ആറ് തവണയും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചു. തെന്നിന്ത്യന്‍ സംഗീതലോകത്തിന് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച ആ സംഗീതധാര 81ാം വയസ്സിലും അനുസ്യൂതം പ്രവഹിക്കുകയാണ്…

 

Back to top button
error: