വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം തരാം, മത്സരിക്കാൻ 80 സീറ്റുകളും ‘ ബിജെപി ; തൃപ്തിയാകാതെ ടിവികെ

വിജയ്ക്ക് തമിഴ്നാട്ടിലുടനീളമുള്ള വലിയ ആരാധകവൃന്ദത്തെ വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരിയ വോട്ട് വ്യത്യാസങ്ങൾ പോലും വിജയപരാജയങ്ങൾ തീരുമാനിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, വെറും രണ്ട് ശതമാനം വോട്ടുകൾക്ക് പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിവികെയെ എൻഡിഎ പാളയത്തിൽ എത്തിക്കുന്നതിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് പാർട്ടി തന്ത്രജ്ഞർ വിശ്വസിക്കുന്നത്.
അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിജയ്യുടെ അടുത്ത അനുയായികൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വതന്ത്ര ബദലായി പാർട്ടി വളരണമെന്നാണ് ഇവരുടെ അഭിപ്രായം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ദേശീയ പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചേക്കാമെന്നും, ഒരു പുതിയ രാഷ്ട്രീയ ശക്തി എന്ന പ്രതിച്ഛായ ഇല്ലാതാക്കുമെന്നും ഉപദേശകർ ഭയപ്പെടുന്നു.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്കാണ് ടിവികെ തുടക്കമിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം വിജയ്യുമായി നേരിട്ട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഡിഎംകെയെ രാഷ്ട്രീയശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിവികെയെ സഖ്യത്തിലെത്തിക്കാൻ ബിജെപി ദേശീയനേതൃത്വം കിണഞ്ഞുശ്രമിക്കുന്നുണ്ട്.
അതേസമയം ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകണമെന്ന് വാദിക്കുന്നവർക്കാണ് പാർട്ടിയിൽ മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ. വിവിധ മണ്ഡലങ്ങളിൽ ടിവികെയുടെ ജയസാധ്യത വിലയിരുത്താൻ വെള്ളിയാഴ്ച ചേർന്ന ജില്ലാഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്.
234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ പ്രയാസമില്ലെങ്കിലും തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള ഭാരിച്ച ചെലവ് താങ്ങാൻ ശേഷിയുള്ളവർ കുറവാണെന്ന് ഓൺലൈൻയോഗത്തിൽ പങ്കെടുത്ത ജില്ലാനേതാക്കൾ ചൂണ്ടിക്കാണിച്ചു. ഒരു മണ്ഡലത്തിലെ സ്ഥാനാർഥി ശരാശരി അഞ്ചുകോടി രൂപയെങ്കിലും ചെലവിടേണ്ടിവരും. തനിച്ച് ഇത്രയും പണം സമാഹരിക്കാൻ ബുദ്ധിമുട്ടാണെന്ന് നേതാക്കൾ പറഞ്ഞു. ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നതാണ് നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു.






