തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോവളം സ്വദേശി റഫീക്ക ബീവിയും മകന്‍ ഷഫീക്കും കൊടുംക്രിമിനലുകള്‍. ശാന്തകുമാരി കേസില്‍ പിടിയിലായ ശേഷം നടന്ന ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന്‍ ഷഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്നു കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പു ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടേതും കൊലപാതകമെന്ന് തെളിയുകയായിരുന്നു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു.
ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിക്ക് ശാരീരികമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്. ഈ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്.
നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ശാന്തകുമാരി കേസില്‍ പ്രതിളെ വധശിക്ഷയ്ക്കു വിധിച്ചത്. റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ കാമുകന്‍ അല്‍ അമീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം.