തിരുവനന്തപുരം: സംസ്ഥാനത്തെ അരളിപ്പൂവ് വില്‍പന എഴുപത് ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചതിന് പിന്നാലെയാണ് വില്‍പനയില്‍ വന്‍ ഇടിവ് സംഭവിച്ചത്.
വീടുകളിലെ ചടങ്ങുകള്‍ക്കും ക്ഷേത്രത്തിലേക്ക് നല്‍കാനുമായി അരളി വാങ്ങുന്നതും ആളുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലേക്ക് 200 കിലോ പൂവ് എത്തിച്ചിരുന്ന താന്‍ ഇപ്പോള്‍ വെറും 20 കിലോ മാത്രമാണ് നല്‍കുന്നതെന്ന് കോയമ്പത്തൂരിലെ ഒരു മൊത്ത വ്യാപാരി പറയുന്നു.
അരളിയുടെ പകരക്കാരനെയും മലയാളികള്‍ കണ്ടെത്തിക്കഴിഞ്ഞു. പനിനീര്‍ റോസിനാണ് ഇപ്പോള്‍ ആവശ്യക്കാരേറിയിരിക്കുന്നത്. മുമ്പ് പലയിടത്തും അരളി വിറ്റിരുന്നതുപോലെ 200 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ഇവ വില്‍ക്കുന്നത്. ആവശ്യക്കാരേറിയതോടെ പനിനീര്‍ റോസും തെച്ചിയും അടക്കമുള്ളവയ്ക്ക് വില കൂടിയിട്ടുണ്ട്. മുമ്പ് 70 -120 രൂപയില്‍ വിറ്റിരുന്ന പനിനീര്‍ റോസിന് 200 രൂപവരെ ഉയര്‍ന്നിട്ടുണ്ട്.
അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചത്.
സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു.