KeralaNEWS

വൈദ്യുതി നെറ്റ്മീറ്റര്‍ ഭേദഗതി: സോളാര്‍ വച്ചവര്‍ക്കും പൊള്ളുന്ന ബില്ലുവരും

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സോളാര്‍ പദ്ധതിയിലേക്ക് മാറിയവരെ കൊള്ളയടിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ നെറ്റ് ബില്ലിംഗ് ഏര്‍പ്പെടുത്തുന്നു. ബില്ലിംഗ് വ്യവസ്ഥകള്‍ മാറ്റില്ലെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പുകൊടുത്ത് പുകമറ സൃഷ്ടിച്ച് കൊടുക്കല്‍ വാങ്ങല്‍ വ്യവസ്ഥകള്‍ മാറ്റുകയാണ്. ഇതിനാണ് റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് നെറ്റ് മീറ്ററിംഗ് രണ്ടാംഭേദഗതി റഗുലേഷന്‍സ് – 2024 കൊണ്ടുവരുന്നത്. ഈ മാസം 15ന് രാവിലെ 11ന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനിയേഴ്സ് ഹാളില്‍ നടക്കുന്ന തെളിവെടുപ്പിനുശേഷം ഭേദഗതി നടപ്പാക്കും.

മാര്‍ച്ച് 20ന് ഇതിനായി നടത്തിയ തെളിവെടുപ്പ് ഉപഭോക്താക്കളുടെ എതിര്‍പ്പുമൂലം പൂര്‍ത്തിയാക്കാനായില്ല.ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി വൈദ്യുതി അവര്‍ നല്‍കുന്ന സോളാര്‍ വൈദ്യുതിയുമായി തട്ടിക്കിഴിച്ച് അധികം ഉപയോഗിച്ചതിനുമാത്രം ബില്ല് നല്‍കുന്നതാണ് നിലവിലെ സമ്പ്രദായം. സോളാറിലേക്കു ജനങ്ങളെ ആകര്‍ഷിച്ചതും ഇതാണ്. ബില്‍ത്തുക കാര്യമായി കുറഞ്ഞു. ഇരുവിഭാഗത്തിലെയും വൈദ്യുതി യൂണിറ്റ് ആധാരമാക്കിയുള്ള ഇടപാട് വേണ്ടെന്നാണ് ഭേദഗതി. പകരം, വൈദ്യുതി വില ആധാരമാക്കി ഇടപാട് നടത്തും
കെ.എസ്.ഇ.ബി വൈദ്യുതിക്ക് ഉയര്‍ന്ന വിലയും ഉപഭോക്താക്കള്‍ നല്‍കുന്ന സോളാര്‍ വൈദ്യുതിക്ക് കുറഞ്ഞ വിലയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Signature-ad

കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്ക് മുഴുവന്‍ തുകയും കണക്കാക്കും. സോളാറിനും അതുപോലെ കണക്കാക്കും. കെ.എസ്.ഇ.ബിയുടെ ബില്‍ത്തുക എപ്പോഴും വളരെ കൂടുതലായിരിക്കും. സോളാര്‍ വില കിഴിച്ചുള്ള തുകയുടെ ബില്ലുകള്‍ വന്നുകൊണ്ടിരിക്കും. സോളാര്‍ വൈദ്യുതിക്ക് യൂണിറ്റിന് 2.69രൂപയും കെ.എസ്.ഇ.ബി വൈദ്യുതിക്ക് ശരാശരി 4.20 രൂപയുമാണ് വില. പുനരുപയോഗ ഊര്‍ജ്ജ റെഗുലേഷനിലെ 21,26 ചട്ടങ്ങള്‍ നിലനിറുത്തുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണം. മാറ്റം ഉപഭോക്താക്കള്‍ക്ക് വന്‍തിരിച്ചടിയാണെന്ന വസ്തുതയില്‍ കമ്മിഷന്‍ മൗനം പാലിക്കുകയാണ്.

നിലവിലെ സംവിധാനം (മാതൃക)

സോളാര്‍വൈദ്യുതി……………………..180 യൂണിറ്റ്

വീട്ടിലെഉപയോഗം……………………… 200 യൂണിറ്റ്

അധിക ഉപയോഗം…………………………20യൂണിറ്റ്

20 യൂണിറ്റിന് ദ്വൈമാസ ബില്‍……….126രൂപ

ഭേദഗതി വരുത്തുമ്പോള്‍

സോളാര്‍ വൈദ്യുതി………………………180യൂണിറ്റ്

നിശ്ചയിക്കുന്ന വില……………………….484രൂപ

വീട്ടിലെ ഉപയോഗം……………………….200യൂണിറ്റ്

കെ.എസ്.ഇ.ബി ബില്‍…………………..:857രൂപ

അടയ്ക്കേണ്ട തുക…………………………….373രൂപ

രണ്ട് ബില്ലിലെയും

വ്യത്യാസം………………………………………247 രൂപ

 

 

Back to top button
error: