കോട്ടയം: ഈ വീട്ടില്‍ ഡോ.വന്ദനാദാസിന്റെ കളിയും ചിരിയും ഇപ്പോള്‍ കണ്ണീരോര്‍മ്മകളാണ്. ആ പുഞ്ചിരിയുടെ പൂമണം ശ്വാസമാക്കി ജീവിക്കുന്ന രണ്ട് പേര്‍. അച്ഛന്‍ മോഹന്‍ദാസും, അമ്മ വസന്തകുമാരിയും.
കഴിഞ്ഞ വര്‍ഷം ഇന്നേ ദിവസമാണ് മകള്‍ക്കൊപ്പം അവര്‍ക്ക് സ്വന്തം ജീവിതവും നഷ്ടമായത്. പിന്നീടങ്ങോട്ട് മകള്‍ ആഗ്രഹിച്ചതൊക്കെ ചെയ്യുകയായിരുന്നു. വേദനയുടെ കനല്‍ച്ചൂടില്‍ നീതിക്കായി പോരാടി.
കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീട്ടുമതിലില്‍ ഇപ്പോഴും ഡോ.വന്ദനാ ദാസ് എന്ന ബോര്‍ഡുണ്ട്. ചുവരുകളില്‍ വന്ദനയുടെ ചിത്രങ്ങള്‍. വന്ദന ഉപയോഗിച്ച സാധനങ്ങള്‍ സൂക്ഷിക്കുന്ന നിത്യസ്മാരകം പോലൊരു മുറി. വന്ദന ഉറങ്ങുന്ന മണ്ണിലെ തുളസിച്ചെടികള്‍ തളിര്‍ത്തു. അവളുടെ ചിരിപോലെ തെളിഞ്ഞ് കത്തുന്നുണ്ട് മുറ്റത്തെ അസ്ഥിത്തറയിലെ തിരികള്‍.
ഇരുവരുടേയും മനസില്‍ മകളുടെ ഓര്‍മ്മകള്‍ മാത്രം. എപ്പോഴെങ്കിലും ഒരിറ്റ് കഞ്ഞി കുടിക്കും. ഉറങ്ങിയെന്ന് വരുത്തും. അവള്‍ പതിവായി വിളിച്ചിരുന്ന സമയങ്ങളില്‍ നെഞ്ച് പിടയും. ഇടയ്ക്ക് ഞെട്ടും. മകള്‍ വരുമെന്ന തോന്നലില്‍ വാതില്‍ തുറന്നിടും. ഫോണില്‍ നോക്കി അവളുടെ കളിയും ചിരിയും പാട്ടും കാണും. പൊട്ടിക്കരയും. ഒരു വര്‍ഷമായി വന്ദനയുടെ അദൃശ്യസാന്നിദ്ധ്യത്തില്‍ കരളുരുകി രണ്ട് ജീവിതങ്ങള്‍.
”ഞാന്‍ ഇപ്പോഴാണ് ഒന്നു നേരെ നില്‍ക്കുന്നത്. മോളുടെ സ്വപ്നത്തിന് പിന്നാലെയാണ് ഞങ്ങള്‍”- വസന്തകുമാരിയുടെ കണ്ണുകള്‍ നിറഞ്ഞു. മേടത്തിലെ പൂരാടം നാളുകാരിയായ വന്ദന കൊല്ലപ്പെട്ടിട്ട് ഇന്നാണ് ഒരു വര്‍ഷം തികയുന്നത്. ചരമവാര്‍ഷിക ചടങ്ങുകള്‍ നാളിന്റെ അന്ന് കഴിഞ്ഞ ദിവസം നടത്തി. അമ്മാവന്‍ വിനോദിന്റെ മകന്‍ നിവേദ് ബലിയിട്ടു. മേമ്മുറിയിലെ ആശാഭവനില്‍ അന്നദാനവും നടത്തി.
‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’…
വന്ദനയുടെ ആഗ്രഹ പ്രകാരം ഹരിപ്പാട് തൃക്കുന്നപ്പുഴ കായലോരത്ത് അമ്മ വസന്തകുമാരിയുടെ സ്ഥലത്ത് ക്‌ളിനിക് ഉയരുകയാണ്. എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ ഒരു ക്‌ളിനിക്ക് വന്ദനയുടെ സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിക്കുകയാണ് മാതാപിതാക്കള്‍. വന്ദനയുടെ സുഹൃത്തുക്കളായ ഡോക്ടര്‍മാരും സഹകരിക്കും.
”മോളിവിടെയുണ്ട്. അത് എപ്പോഴും അനുഭവപ്പെടും. അവള്‍ക്ക് നീതികിട്ടാന്‍ ആയുസ് മുഴുവന്‍ പോരാടും. മോളുടെ മരണത്തില്‍ അധികൃതരുടെ അനാസ്ഥ ഉള്‍പ്പെടെ സി.ബി.ഐ അന്വേഷിക്കണം” –മോഹന്‍ ദാസ് പറഞ്ഞു.