KeralaNEWS

പൊലീസ് സംരക്ഷണത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള നീക്കം പാളി; ടെസ്റ്റിന് ആരും എത്തിയില്ല

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തില്‍ പുനരാരംഭിക്കാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകള്‍ പലയിടങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവര്‍ ആരും എത്താത്തതിനാല്‍ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരിഷ്‌ക്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിതോടെ സമരം കടുപ്പിക്കുകയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് ഗ്രൗണ്ട് കവാടത്തിന് മുന്നില്‍ സമരക്കാര്‍ കിടന്ന് പ്രതിഷേധിച്ചു. കോഴിക്കോട് താമരശ്ശേരിയില്‍ കഞ്ഞി വെച്ചായിരുന്നു പ്രതിഷേധം. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഒരാളാണ് ടെസ്റ്റിനെത്തിയത്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ കൊല്ലം ആശ്രാമത്ത് കഞ്ഞി വെച്ച് പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടയിലും കൊല്ലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി. സ്വന്തം വാഹനവുമായി എത്തിയയാള്‍ക്ക് റോഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ടെസ്റ്റിനു ആളെ എത്തിച്ച ഡ്രൈവിംഗ് സ്‌കൂളിനു മുന്നിലും പ്രതിഷേധമുണ്ടായി.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കരുതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ പറഞ്ഞു. എന്തെങ്കിലും പിശകുകള്‍ പറ്റിയാല്‍ തിരുത്തും എന്നാണ് കരുതുന്നത്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തുന്നതായിരിക്കും കൂടുതല്‍ നല്ലതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: