KeralaNEWS

ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്, ഓര്‍മയില്ലെന്ന് യദു

തിരുവനന്തപുരം: നടുറോഡില്‍വച്ച് മേയര്‍ ആര്യ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലീസ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കും.

തൃശൂരില്‍നിന്നു യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണു പൊലീസിന്റെ കണ്ടെത്തല്‍. ബസ് നിര്‍ത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റില്‍ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫോണ്‍ പിടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഡ്രൈവിങ്ങെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതിലും പൊലീസിന്റെ സംശയം യദുവിലേക്കാണു നീളുന്നത്. സംഭവം നടന്നതിനു പിറ്റേദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിക്കും. മെമ്മറി കാര്‍ഡ് ബസില്‍ ഇട്ടത് എന്നാണെന്ന വിവരവും പൊലീസ് കെഎസ്ആര്‍ടിസിയോടു തേടിയിട്ടുണ്ട്.

അതേസമയം, ഇടയ്ക്ക് ഫോണില്‍ സംസാരിച്ചുണ്ടാവുമെന്നും വളരെ അത്യാവശ്യമായി വീട്ടില്‍ നിന്നൊക്കെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓര്‍മയില്ലെന്നും യദു പ്രതികരിച്ചു. എന്നാല്‍, ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമാണോയെന്ന് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇത്രയും ആളുകളേയും കൊണ്ട് ദൂരയാത്ര നടത്തുമ്പോള്‍ ഒരു മണിക്കൂറോളം എങ്ങനെയാണ് ഫോണില്‍ സംസാരിക്കുകയെന്നും യദു ചോദിച്ചു. തനിക്കുമേല്‍ ഇനിയും കേസ് വരുമെന്ന് ഉറപ്പാണ്. അതിനെ കോടതിയില്‍ നേരിടും.

ഫോണ്‍ ഉപയോഗം നിയമലംഘനമാണെന്നും പക്ഷെ ചിലപ്പോള്‍ ഫോണ്‍ എടുക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവാറുള്ളതെന്നും യദു പറഞ്ഞു. സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്. നടപടി വരുമ്പോള്‍ അപ്പോള്‍ നോക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു. മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ ഡ്രൈവറാണെന്ന് ആരോപണത്തിനും യദു മറുപടി നല്‍കി. കാര്‍ഡ് കിട്ടേണ്ട ഏറ്റവും ആവശ്യക്കാരന്‍ താനാണ്. അങ്ങനെയാവുമ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. പക്ഷെ അത് കണ്ടുപിടിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും യദു പ്രതികരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: