CrimeNEWS

പാമ്പുകളെ ഒളിപ്പിച്ചത് പാന്റിനുള്ളില്‍, പിടികൂടിയത് അസാധാരണ വലിപ്പം കണ്ട്

മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ പിടികൂടി. അമേരിക്കയില്‍ മിയാമിയിലെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗില്‍ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചുനാള്‍ മുമ്പ് കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. യുഎസ്-കാനഡ അതിര്‍ത്തി വഴി ബസില്‍ ആയിരുന്നു ഇയാളുടെ യാത്ര. വളരെ ചെറിയ പാമ്പുകളായിരുന്നു ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

മനുഷ്യര്‍ക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബര്‍മീസ് പൈത്തണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതുമാണ്. പിടിയിലായ യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയയാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരുപതുവര്‍ഷം വരെ തടവും കനത്ത പിഴയും ലഭിച്ചേക്കും.

വിഷം ശേഖരിക്കാനായി മയക്കുമരുന്ന് മാഫിയയില്‍ പെട്ടവരടക്കം വിഷപാമ്പുകളെ ഒളിപ്പിച്ച് കടത്തുന്നതും പതിവാണ്. കടിയേല്‍ക്കാത്ത രീതിയില്‍ പ്രത്യേക കവറിലും ബാഗിലുമാക്കിയശേഷമാണ് ഇവരുടെ കടത്തല്‍. പരിശീലനം കിട്ടിയവരായതിനാല്‍ പിടിക്കപ്പെടുന്നത് വളരെ കുറവാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: