Fiction

ക്ഷിത്ര കോപികൾ ജീവിതപ്പാതയിൽ കാലിടറി വീഴും, സൗമ്യശീലർ നിർവിഘ്നം യാത്ര തുടരും

വെളിച്ചം

ചൈനീസ് തത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷസിന്റെ ശിഷ്യരിൽ ഒരാള്‍ വലിയ മുന്‍ശുണ്ഠിക്കാരനായിരുന്നു. ആരോടും ഏത് കാര്യത്തിനും വഴക്കിടും. അയാളുടെ ഈ സ്വഭാവം കാരണം മററു ശിഷ്യന്മാരെല്ലാം പൊറുതിമുട്ടി. അവര്‍ ഗുരുവിനോട് പരാതി പറഞ്ഞു.

Signature-ad

ഒരു ദിവസം കണ്‍ഫ്യൂഷസ് തന്റെ വഴക്കാളിയായ ശിഷ്യനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം ചോദിച്ചു:

“നിനക്കെത്ര പല്ലുണ്ട്…?”

ശിഷ്യന്‍ ഉത്തരം പറഞ്ഞു:

“മുപ്പത്തിരണ്ട്…”
“നാവോ…?”
ഗുരു ചോദിച്ചു.
ശിഷ്യന്‍ ഉത്തരം പറഞ്ഞു:
“ഒന്ന്…”
“ഇതുവരെ നിനക്ക് എത്ര പല്ല് നഷ്ടപ്പെട്ടു?”
“പത്തില്‍ താഴെ…”
“നിന്റെ നാവിനിപ്പോഴും കുഴപ്പമൊന്നുമില്ലല്ലോ…?”
“ഇല്ല ഗുരോ… ”
ഗുരു തുടര്‍ന്നു:
“താന്‍ വലിയ ശക്തനാണെന്നാണ് പല്ലിന്റെ വിചാരം. എന്തും കടിച്ചുമുറിക്കും. ആര്‍ത്തിപിടിച്ച് ചവച്ചുതിന്നും.  ഇടയ്ക്ക് നാവിനെയും കടിക്കും.  പക്ഷേ, എത്ര പ്രകോപനമുണ്ടായാലും നാവിന് ദേഷ്യം വരുന്നതേയില്ല.  മാത്രമല്ല. പല്ലിന് ആവശ്യമുളളപ്പോഴെല്ലാം വേണ്ട പിന്തുണയും നാവ് നല്‍കുന്നുണ്ട്.  അവസാനം ആരാണ് തോല്‍ക്കുന്നത്…?”

ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. ഗുരു തുടർന്നു:

“വാര്‍ദ്ധക്യത്തിലെത്തുമ്പോഴേക്കും ഓരോന്നായി കൊഴിഞ്ഞ് പല്ലുകള്‍ ഇല്ലാതാകുന്നു. അപ്പോഴും ഒരു കേടുപാടുമില്ലാതെ നാവ് അവിടെതന്നെയുണ്ടാകും.   മനുഷ്യന്റെ കാര്യവും ഇങ്ങനെതന്നെയാണ്. എപ്പോഴും വഴക്കുണ്ടാക്കുകയും ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും ചെയ്യുന്നവരുടെ നാശവും പെട്ടെന്നായിരിക്കും. എന്നാല്‍ സൗമ്യമായി ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സമാധാവും ദീര്‍ഘായുസ്സും പ്രാപ്തമാകും…”

ശിഷ്യൻ്റെ ശിരസു കുനിഞ്ഞു പോയി.

അതെ, വേറെ എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും സമാധാനമില്ലെങ്കില്‍ അതിലൊന്നും ഒരര്‍ത്ഥവുമില്ലാതാകും. സമാധാനപൂര്‍ണ്ണമായി ജീവിക്കാനുളള വഴികള്‍ നമുക്ക് കണ്ടെത്താം.

സന്തോഷവും സമാധാനവും നിറഞ്ഞ ശുഭദിനം നേരുന്നു.

സൂര്യനാരായണൻ

Back to top button
error: