SportsTRENDING

ഇന്ത്യൻ സൂപ്പർ ലീഗില്‍ 10-ാം സീസണിലും കിരീടമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ 10-ാം സീസണിലും കിരീടം ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 2023-24 സീസണിന്‍റെ പ്ലേ ഓഫ് എലിമിനേറ്ററില്‍ പുറത്തായതോടെയാണിത്. 2014ല്‍ ക്ലബ് രൂപീകരിച്ചതിനുശേഷം മൂന്ന് സീസണില്‍ (2014, 2016, 2021-22) ഫൈനലില്‍ പ്രവേശിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന്‍റെ നേട്ടം.

2023-24 സീസണില്‍ ഒരു ഘട്ടത്തില്‍ ലീഗ് പോയിന്‍റ് ടേബിളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 2023 കലണ്ടർ വർഷം അവസാനിക്കുന്പോള്‍ ലീഗിന്‍റെ തലപ്പത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. പിന്നീട് തലകുത്തി വീണ ടീം, ലീഗ് ടേബിളില്‍ അഞ്ചാമതായി. പ്ലേ ഓഫ് എലിമിനേറ്ററില്‍ പരാജയപ്പെട്ട് പുറത്താകുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സിന്‍റെ ഈ പതനത്തിനു കാരണം പരിക്കാണ്. പ്രീസീസണ്‍ പരിശീലനം മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് വിടാതെ പിന്തുടരുകയായിരുന്നു. ഏറ്റവും ഒടുവില്‍ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിനിടെ ഗോളി ലാറ ശർമയ്ക്കും പരിക്കേറ്റു.

ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊയാണ് പ്രീസീസണ്‍ പരിശീലനത്തില്‍ പരിക്കേറ്റ് പുറത്തായത്. പിന്നീട് ഖ്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്‍റകോസ്, അഡ്രിയാൻ ലൂണ, മാർക്കൊ ലെസ്കോവിച്ച്‌, ഫ്രെഡ്ഡി ലാല്‍വാമ് വ, ജീക്സണ്‍ സിംഗ്, ഐബാൻബ ഡോഹ് ലിംഗ്, നവോച്ച സിംഗ്, സച്ചിൻ സുരേഷ്,ജസ്റ്റിൻ എന്നിവർക്കെല്ലാം പരിക്കേറ്റു. ബ്ലാസ്റ്റേഴ്സിന്‍റെ താളം നഷ്ടപ്പെടുത്തുന്നതായിരുന്നു ഇവരുടെയെല്ലാം പരിക്ക്.

ഒരു കിരീടത്തിനായി ഇനി എത്രനാള്‍ ഈ കാത്തിരിപ്പ് തുടരണമെന്ന ആരാധകരുടെ ചോദ്യത്തിനിടെയാണ് ദിമിത്രിയോസിനെപ്പോലും ടീം നഷ്ടപ്പെടുത്തുന്നത്.ബ്ലാസ്റ്റേഴ്സ് നിരയിലെ മിന്നും താരമാണ് ദിമിത്രിയോസ് ഡയമന്റകോസ്.2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവർ ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നുണ്ട്.എന്നാൽ ദിമിത്രിയോസുമായി ചർച്ചയ്ക്ക് പോലും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതുവരെ തയാറായിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന.കഴിഞ്ഞ സീസണിൽ 12 ഉം ഈ‌ സീസണിൽ 13  ഗോളുകളും ബ്ലാസ്റ്റേഴ്സിനായി നേടിയ താരമാണ് ദിമിത്രിയോസ്.

ആരാധകരുടെ ശക്തമായ പിൻബലമുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആരാധകർക്ക് എത്രമാത്രം സഹനശക്തി ഉണ്ടെന്ന് പരീക്ഷിക്കുകയാണോ ടീമും മാനേജ്മെന്‍റും എന്ന് ആരാധകർ സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.കാരണം ഇവരേക്കാള്‍ ഗ്ലാമർ കുറഞ്ഞ ടീമുകള്‍ പോലും ഐഎസ്‌എല്ലിൽ  ഇതിനോടകം കിരീടം സ്വന്തമാക്കിക്കഴിഞ്ഞു.

ലൂണ പോയപ്പോഴല്ല, പെപ്ര വീണപ്പോഴാണ് ബ്ലാസ്റ്റേഴ്സും വീണത്

ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളെല്ലാം ക്യാപ്റ്റൻ കൂടിയായ ലൂണയെ ചുറ്റിപ്പറ്റിയാണ്.മിന്നും ഫോമിൽ കളിച്ചുകൊണ്ടിരുന്ന ലൂണയെ ചുറ്റിപ്പറ്റിയാണ് സീസണിന്റെ ആരംഭത്തിൽ ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങൾ മെനഞ്ഞതും.ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു.എന്നാൽ ലൂണയ്ക്ക് ഇടയ്ക്കു പരിക്കേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് അപകടം മണത്തതാണ്.എന്നാൽ അതുവരെ മോശം പ്രകടനത്തിന്റെ പേരിൽ ആവോളം പഴികേട്ട പെപ്ര പുലിയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ദിമിത്രിയോസ്- പെപ്ര സഖ്യം ഏതൊരു ടീമിനും ഭീക്ഷണിയായി മാറി.ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഡിസംബർ 24 ന് മുംബൈയോടും ഡിസംബർ 27 ന് മോഹൻ ബഗാനെതിരെയും നടന്ന മത്സരം.രണ്ടു മത്സരവും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു.ഡിസംബർ അവസാനത്തോടെ ഐഎസ്‌എൽ ഫസ്റ്റ് ഹാഫ് പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുമായിരുന്നു.

പിന്നീട് സൂപ്പർ കപ്പിൽ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചശേഷമാണ് പെപ്രയ്ക്ക് പരിക്കേൽക്കുന്നത്.രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം ആ മത്സരത്തിൽ നേടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് തുടർച്ചയായ  തോൽവികളിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് വീണത്.ലൂണയും ദിമിത്രിയോസും പെപ്രയും ചേരുമ്പോൾ ടീം ശക്തമാകും.അവിടെയാണ് ദിമിത്രിയോസിനെ വിട്ടുകളയാനുള്ള മാനേജ്മെന്റിന്റെ നീക്കം.കാരണം അവർക്ക് അന്നുമിന്നും എല്ലാം ലൂണയാണ്.ലൂണമാത്രം !

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: