കൊൽക്കത്ത: ഒരു റണ്‍സ് അകലെ ഐപിഎല്ലിലെ ഏഴാം തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 221ന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഇതോടെ 7 മത്സരങ്ങളില്‍ 5 ജയവുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തെത്തി. ബെംഗളൂരു ആവട്ടെ എട്ട് മത്സരങ്ങളില്‍ 1 ജയവും 7 തോല്‍വിയുമായി 2 പോയിന്റുമായി അവസാന സ്ഥാനക്കാരാണ്. തോല്‍വിയോടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ മങ്ങിയ നിലയിലാണ്.
അവസാന ഓവറിൽ 21 റണ്‍സായിരുന്നു ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നു സിക്സുകള്‍ പറത്തി കരണ്‍ ശര്‍മ പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തില്‍ താരം പുറത്തായതോടെ പ്രതീക്ഷയറ്റു. ഏഴു പന്തില്‍ മൂന്നു സിക്സുകളടക്കം 20 റണ്‍സാണ് താരം നേടിയത്.അവസാന പന്തില്‍ വിജയത്തിനായി മൂന്ന് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്‍സിനായി ഓടിയ ലോക്കി ഫെര്‍ഗ്യൂസന്‍ റണ്ണൗട്ടായതോടെയാണ് കൊല്‍ക്കത്ത വിജയം ഉറപ്പിച്ചത്.