കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. നാറാത്ത് സ്വദേശിനിയായ കെ.എന്‍. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം. സംസ്‌കാരം ഇന്ന് രണ്ടിന് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് ബല്‍റാം. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒന്‍പതാം ക്ളാസില്‍ പഠിയ്ക്കുമ്പോഴാണ് ആദ്യ നോവല്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല്‍ പ്രസിദ്ധീകരിച്ചത്.
ബല്‍റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജ് ആണ് ഈ തിരക്കഥ സിനിമയാക്കിയത്. തെയ്യം കലാകാരന്‍മാരുടെ ജീവിതത്തിലെ സാഹസികതയും അര്‍പ്പണവും കഷ്ടപ്പാടുകളും കണ്ണീരും കുട്ടിക്കാലംമുതലെ അടുത്തറിഞ്ഞ ബല്‍റാം ഇത് തിരക്കഥയാക്കുകയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിനാണ് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
വി കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി എന്ന സിനിമയ്ക്കാണ് പിന്നീട് ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഹാംലറ്റ് എന്ന ഷേക്സ്പിയര്‍ നാടകത്തെ കേരളീയ പശ്ചാത്തലത്തില്‍ പുനരവതരിപ്പിച്ച സിനിമയായിരുന്നു കര്‍മ്മയോഗി. തുടര്‍ന്ന് 2021 ല്‍ ടി ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയ്ക്കും ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കി.
മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലന്‍ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.