Pravasi

പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍; കുറച്ചുകാലത്തേയ്ക്ക് ഈ ‘രക്ഷകന്‍’ ഉണ്ടാവില്ല

അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നു മുതല്‍ നറുക്കെടുപ്പ് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചു.

നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുന്‍നിശ്ചയപ്രകാരം ഏപ്രില്‍ മൂന്നിന് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് പ്രൈസ് ആയ പത്ത് മില്യണ്‍ ദിര്‍ഹം (22,70,74,131.80 രൂപ) വിജയിക്ക് നല്‍കും. കൂടാതെ ടിക്കറ്റില്‍ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവര്‍ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം 246,297,071 ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യന്‍ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ തവണത്തെ 15 മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക് പോട്ടിന് അര്‍ഹനായത്. റെഗുലേറ്ററി നിയമങ്ങള്‍ ക്യത്യമായി പാലിക്കുമെന്നും നറുക്കെടുപ്പ് എന്ന് പുനരാരംഭിക്കുമെന്ന് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും ബിഗ് ടിക്കറ്റ് വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബിഗ് ടിക്കറ്റ് അക്കൗണ്ടുകള്‍ വീണ്ടും ഉപയോഗിക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു.

Back to top button
error: