പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടം വന്നതും ടി.എൻ. പ്രതാപനെ മാറ്റി വമ്ബൻ ട്വിസ്റ്റില്‍ കെ. മുരളീധരനെത്തിയതുമെല്ലാം ത്രികോണപ്പോരിന് കടുപ്പം കൂട്ടി.
സംഭവമെന്തായാലും മത സാമുദായിക പിന്തുണയില്ലാതെ തൃശൂരില്‍ ആർക്കും പിടിച്ചുകയറാനാകില്ലെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വങ്ങള്‍. അതിനാൽ തന്നെ ഏതാണ്ട് 35 ശതമാനമുണ്ടെന്ന് കരുതുന്ന ക്രിസ്ത്യൻ വോട്ടുകളിലാണ് എല്ലാവരുടെയും കണ്ണ്.
എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപേ സുരേഷ് ഗോപി, ലൂർദ്ദ് മാതാവിന് കിരീടം സമർപ്പിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങള്‍ തൃശൂരില്‍ അലയടിച്ചതും മറ്റൊന്നും കൊണ്ടല്ല.എന്നാൽ മണിപ്പൂരിലും മറ്റും അവർ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രതിഫലിക്കുമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും കരുതുന്നത്. എന്നാല്‍, മോദിയുടെ ഗ്യാരന്റിയിലാണ് എൻ.ഡി.എ.യുടെ ആശ്വാസം.
ലീഡർ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നതിനെത്തുടർന്ന് പ്രതിരോധത്തിലായപ്പോള്‍ അതിനെ മറികടക്കാനാണ് കെ. മുരളീധരനെ തന്നെ കോൺഗ്രസ്സ് രംഗത്തിറക്കിയത്.കോണ്‍ഗ്രസ് വോട്ടുകള്‍ നേടാനുള്ള ബി.ജെ.പി തന്ത്രത്തെ അട്ടിമറിച്ച തീരുമാനമായിരുന്നു ഇത്.
ലീഡറുടെ മകനെന്ന പരിഗണനയും ന്യൂനപക്ഷ മുന്നാക്ക സമുദായ വോട്ട് കൂടുതല്‍ നേടുമെന്ന പ്രതീക്ഷയും ഇതിലൂടെ കോണ്‍ഗ്രസ്സ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ പ്രതാപൻ വാരിക്കൂട്ടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ ഇത്തവണ നേടാനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന വാഗ്ദാനവും മോദിയുടെ ഗ്യാരന്റിയുമാണ് ബിജെപി തുടക്കം മുതല്‍ മുന്നോട്ടുവയ്ക്കുന്നത്. അഭിനേതാവിന്റെയും ജീവകാരുണ്യ പ്രവർത്തകന്റെയും മുഖവും കേന്ദ്രസർക്കാർ പദ്ധതികളും പൂരപ്രേമികളുടെ പിന്തുണയും പത്മജയുടെ ബി.ജെ.പി പ്രവേശവുമെല്ലാം തുണയ്ക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
പക്ഷേ, താഴെത്തട്ടില്‍ പ്രവർത്തകർ സജീവമാകുന്നില്ലെന്ന പരാതി സുരേഷ് ഗോപി തന്നെ നേരിട്ടു വ്യക്തമാക്കിയിരുന്നു. വീടുവീടാന്തരമുള്ള പ്രവർത്തനത്തില്‍ ബി.ജെ.പി പ്രവർത്തകർ ഇറങ്ങിയില്ലെങ്കില്‍ ഫലം അനുകൂലമാകില്ലെന്ന് അദ്ദേഹം തുറന്നടിക്കുക പോലും ചെയ്തു.
അതേസമയം വി.എസ്. സുനില്‍കുമാറിന്റെ ജനകീയമുഖവും കൃഷിമന്ത്രിയായിരിക്കെയുള്ള മികച്ച പ്രവർത്തനവും താഴെത്തട്ടിലുള്ള പ്രവർത്തകരോടുള്ള ഇടപെടലും പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും മൂന്ന് തവണ എം.എല്‍.എ ആയതിന്റെ പ്രതിച്ഛായയുമെല്ലാം അദ്ദേഹത്തെ തുണയ്ക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.