ഇറാൻ പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… തീരുമാനങ്ങളെടുക്കുന്നത് ഐആർജിസി!! മൊജ്താബയ്ക്ക് ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും

ടെഹ്‌റാൻ: പെബ്രുവരി 28 ന് ഇസ്രയേൽ യുഎസ് നടത്തിയ ആക്രമണത്തിൽ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയിക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ട്. ഇറാനിൽ ഇപ്പോൾ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറി (ഐആർജിസി)ലെ ഒരുകൂട്ടം ഉന്നത കമാൻഡർമാർ ചേർന്നെന്നാണെന്നും റിപ്പോർട്ട്. വ്യോമാക്രമണത്തിൽ പരുക്കേറ്റ, മൊജ്താബ നേരിട്ടുള്ള നിയന്ത്രണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാലും ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ പരിമിതപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇറാന്റെ ചുക്കാൻ ഐആർജിസിയിലേക്ക് മാറിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28നുണ്ടായ ആക്രണത്തിൽ മൊജ്താബയ്ക്ക് മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന് സംസാരിക്കാനും ചലിക്കാനും അദ്ദേഹം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഇദ്ദേഹത്തിന് ഇനിയും ചികിത്സ വേണ്ടിവന്നേക്കും. ഒരു കാലിന് ഇതിനകം മൂന്നു ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. വെപ്പുകാൽ വേണ്ടിവന്നേക്കുമെന്നാണ് വിവരം. അതുപോലെ മുഖത്തും ചുണ്ടിലും പൊള്ളലേറ്റതാണ് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകാൻ കാരണം. അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നും സൂചനയുണ്ട്.
മാത്രമല്ല ഉദ്യോഗസ്ഥരുമായി മൊജ്താബ പുലർത്തുന്നത് പരിമിതമായ ബന്ധമാണെന്നും പിതാവ് ആയത്തൊള്ള അലി ഖമനേയിയെ പോലെ കേന്ദ്രീകൃത അധികാരപ്രയോഗം അദ്ദേഹം നടത്തുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പകരം അധികാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി)യുടെ ഉന്നത കമാൻഡർമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവർ ജനറലുമാരുടെ ഒരു ബോർഡ് എന്ന നിലയ്ക്ക് പ്രവർത്തിക്കുകയും സൈനികതന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ഭരണനിർവഹണം നടപ്പാക്കുകയും ചെയ്യുന്നുവെന്നാണ് വിവരം.
നിലവിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കൽ, യുഎസുമായുള്ള നയതന്ത്രചർച്ചകൾ തുടങ്ങിയ കാര്യങ്ങളിലും ഇവരാണ് തീരുമാനം കൈക്കൊള്ളുന്നത്. ജനറൽമാർ നിർണായക തീരുമാനം എടുക്കുമ്പോൾ, ഒരു ‘ബോർഡ് ഡയറക്ടർ’ എന്ന നിലയ്ക്കാണ് മൊജ്താബ പ്രവർത്തിക്കുന്നതെന്ന് മുൻ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദിനെജാദിന്റെ ഉപദേശകരിലൊരാൾ പറഞ്ഞു. അതേസമയം, കാര്യങ്ങളുടെ പൂർണനിയന്ത്രണം മൊജ്താബയുടെ കൈവശമല്ലെന്നാണ് മറ്റു ചിലർ പറയുന്നത്. പലപ്പോഴും അന്തിമതീരുമാനം കൈക്കൊണ്ടശേഷം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുകയാണെന്നാണ് ഇവർ പറയുന്നത്.
അതേസമയം മൊജ്താബ നിലവിൽ ഒളിവിലാണുള്ളതെന്നും കൈപ്പടയിലെഴുതിയ കുറിപ്പുകൾ വിശ്വസ്തരായ ദൂതന്മാരുടെ ശൃംഖലകൾ മുഖാന്തരം കൈമാറിയാണ് ആശയവിനിമയം നടത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹവുമായുള്ള ബന്ധം വളരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. മൊജ്താബയെ എതിരാളികൾ ഉന്നംവെച്ചേക്കാമെന്ന ഭീതിയെ തുടർന്ന് ഉന്നതോദ്യോഗസ്ഥരും സൈനിക മേധാവികളും പോലും അദ്ദേഹവുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കുകയാണ്. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, മൊജ്താബയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നും റിപ്പോർട്ടുകളുണ്ട്.




