Breaking NewsBusinessLead NewsNEWSpoliticsPravasiWorld

വെടിനിർത്തൽ ശരിക്കും സമാധാന ശ്രമമാണോ? അല്ലെന്ന് വിദ​ഗ്ധർ; ഇറാനെ സാമ്പത്തീകമായി തറപറ്റിക്കാനുള്ള തന്ത്രം പയറ്റി യുഎസ്; എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കാൻ നാവിക ഉപരോധം

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സമാധാന ശ്രമമായി മാത്രം കാണാനാവില്ലെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. യുദ്ധഭൂമിയിൽ നേരിട്ടുള്ള ആക്രമണങ്ങൾ കുറച്ചെങ്കിലും, ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അധിഷ്ഠാനമായ എണ്ണമേഖലയെ ലക്ഷ്യമിട്ട് കൃത്യമായ സാമ്പത്തിക സമ്മർദം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇറാന്റെ എണ്ണക്കയറ്റുമതി തടയുന്നതിനുള്ള നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. എണ്ണ സംഭരണ ശേഷി പരിമിതമായ സാഹചര്യത്തിൽ, പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപിലെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞാൽ ഉത്പാദനം നിർത്തേണ്ട സാഹചര്യം ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ.

Signature-ad

ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ എണ്ണമേഖലയ്ക്കുള്ള പങ്ക് വലുതാണ്. അതിനാൽ, ഉത്പാദനം തടസപ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനത്തെ നേരിട്ട് ബാധിക്കും. സൈനിക ആക്രമണങ്ങളേക്കാൾ ദീർഘകാല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ‘സാമ്പത്തിക യുദ്ധം’ എന്ന രീതിയിലാണ് അമേരിക്കയുടെ നീക്കം വിലയിരുത്തപ്പെടുന്നത്.

എണ്ണക്കിണറുകൾ അടച്ചുപൂട്ടുന്നത് എളുപ്പമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പഴക്കം ചെന്ന എണ്ണപ്പാടങ്ങളാണ് ഇറാനിൽ കൂടുതലായുള്ളത്. ഇത്തരം കിണറുകൾ കുറച്ചുകാലം പോലും പ്രവർത്തനം നിർത്തിയാൽ, ഭൂഗർഭ മർദ്ദം കുറയുകയും വെള്ളം കയറുകയും ചെയ്ത് ശാശ്വതമായ നാശം സംഭവിക്കാനുള്ള സാധ്യത ഉയരും. കൂടാതെ, കട്ടിയേറിയ ക്രൂഡ് ഓയിൽ കുഴലുകളിൽ കട്ടപിടിച്ച് മുഴുവൻ സംവിധാനവും തടസപ്പെടാനും ഇടയാകും. ഇത് മനുഷ്യശരീരത്തിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനോടു സമാനമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഒരിക്കൽ ഇത്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോൾ, വീണ്ടും ഉത്പാദനം പുനരാരംഭിക്കുന്നത് വർഷങ്ങൾ എടുക്കുന്ന കഠിന പ്രക്രിയയായിരിക്കും. അതേസമയം, മുമ്പുണ്ടായിരുന്ന ഉത്പാദനനിലയിലേക്ക് തിരിച്ചെത്താനാവുമെന്നുറപ്പില്ല.

ഇത്തരത്തിൽ ഉത്പാദനം നിർത്തിവെക്കേണ്ടി വന്നാൽ ഇറാനിന് പ്രതിദിനം ലക്ഷക്കണക്കിന് ബാരൽ എണ്ണയുടെ നഷ്ടമുണ്ടാകും. ഇത് വാർഷികമായി വൻ വരുമാന നഷ്ടത്തിലേക്കാണ് നയിക്കുക. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തളരുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഇറാൻ ഭരണകൂടത്തിനുള്ളിലെ ഭിന്നതകളും അമേരിക്കയുടെ തന്ത്രത്തിൽ നിർണായക ഘടകമായി കണക്കാക്കപ്പെടുന്നു. ആഭ്യന്തര രാഷ്ട്രീയത്തിലെ വിള്ളലുകൾ മുതലെടുത്ത് സാമ്പത്തികമായി സമ്മർദം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാണാമറയത്തിൽനിന്ന് സ്വാധീനം ചെലുത്തുന്ന സൈനിക നേതാക്കളെ കുറിച്ചും അമേരിക്ക ആരോപണങ്ങൾ ഉന്നയിക്കുന്നു.

പ്രധാന എണ്ണഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിലൂടെ ഇറാന്റെ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ കയറ്റുമതി മുടങ്ങുകയും സംഭരണശേഷി വേഗത്തിൽ നിറയുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: