സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കിൽ ഗർഭം തുടരാൻ നിർബന്ധിക്കരുത്, സ്ത്രീക്ക് തീരുമാനിക്കാം ആ ഗർഭം തുടരണമോ, വേണ്ടയോയെന്ന്… അവിടെ അവരുടെ തീരുമാനമാണ് പ്രധാനം- സുപ്രധാന വിധിയുമായി സുപ്രിം കോടതി

ന്യൂഡൽഹി: ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കിൽ ഗർഭം തുടരാൻ നിർബന്ധിക്കരുത്, ഇക്കാര്യത്തിൽ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം.
സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിപ്പിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം. അതുപോലെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ദത്തെടുക്കാൻ നൽകാമെന്ന കാരണത്താൽ ഗർഭം തുടരാൻ നിർബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
15 വയസുള്ള ഒരു കുട്ടിയുടെ ഏഴ് മാസത്തിലധികം പ്രായമായ ഗർഭത്തിൽ ചികിത്സ അവസാനിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിർണ്ണായക നിരീക്ഷണം. ഇവിടെ ഗർഭിണിയായ സ്ത്രീയുടെ ഇച്ഛയാണ് പ്രധാനമെന്നും, ജനിക്കാനിരിക്കുന്ന കുഞ്ഞിൻ്റെ പരിഗണനയെക്കാൾ അതിന് മുൻഗണന നൽകണമെന്നും കോടതി പറഞ്ഞു.
“ഗർഭിണിയായ സ്ത്രീക്ക് കുഞ്ഞിനെ വളർത്താൻ താൽപര്യമില്ലെങ്കിൽ ദത്തെടുക്കാൻ കൊടുക്കാം എന്നത് എളുപ്പമാണ്. എന്നാൽ, അത് ഗർഭം തുടരാൻ നിർബന്ധിക്കാനുള്ള കാരണമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഗർഭധാരണത്തിൽ സ്ത്രീയെ പ്രസവിക്കാൻ നിർബന്ധിക്കുന്നത് അവളുടെ ക്ഷേമത്തെ ബാധിക്കുകയും അവളുടെ അവകാശങ്ങളെ കുറയ്ക്കുകയും ചെയ്യുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ വ്യക്തമായ സമ്മതമില്ലാതെ ഗർഭം പൂർണ്ണകാലം വരെ തുടരാൻ നിർബന്ധിക്കരുതെന്നും, അത്തരം നിർബന്ധം ഗുരുതരമായ മാനസിക, ശാരീരിക, മാനസികാവസ്ഥകൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.
ഗർഭം തുടരാൻ നിർബന്ധിക്കപ്പെടുന്നത് അമ്മയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിൻ്റെയും ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. ഗർഭം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ ഉണ്ടാകുന്ന മെഡിക്കൽ അപകടസാധ്യതകൾ സ്ത്രീയുടെ തീരുമാനം അംഗീകരിക്കണമെന്നും കോടതി പറഞ്ഞു.
കേസിൽ പെൺകുട്ടിയുടെ അമ്മയാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം നിശ്ചിത കാലപരിധി കഴിഞ്ഞതിനാൽ ഗർഭച്ഛിദ്രത്തിന് പ്രത്യേക അനുമതി തേടി കോടതിയെ സമീപിച്ചു.
വാദത്തിനിടെ സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത, ഗർഭം അവസാനിക്കുന്നതിനാൽ അമ്മയുടെയും കുഞ്ഞിൻ്റെയും ജീവന് ഭീഷണിയുണ്ടാകുമെന്ന് മെഡിക്കൽ റിപ്പോർട്ട്. കൂടാതെ, സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി വഴി ദത്തെടുപ്പ് സൗകര്യം ഒരുക്കാമെന്നും വിദ്യാഭ്യാസത്തിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യത സംരക്ഷിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.




