CrimeNEWS

വില്ലേജ് ഓഫീസറുടെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദം; ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് റവന്യൂ വകുപ്പിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഭരണകക്ഷിയായ ഇടതു നേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മനോജ് ജീവനൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവരില്‍ നിന്നെല്ലാം ആര്‍ഡിഒ വിശദമായ മൊഴിയെടുത്തിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു മനോജ്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിനൊടുവില്‍ മനോജ് ജീവനൊടുക്കി എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ആരുടേയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 12 ഓളം വില്ലേജ് ഓഫീസര്‍മാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

Back to top button
error: