മുംബൈ: മഹാ വികാസ് അഘാഡിയുമായുള്ള (എം.വി.എ.) സീറ്റുവിഭജനചര്‍ച്ച പരാജയപ്പെട്ടതോടെ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി സംസ്ഥാനത്തെ മറ്റു ചെറുപാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് മൂന്നാംമുന്നണിക്ക് രൂപം നല്‍കാനൊരുങ്ങുന്നു. അഞ്ചു സീറ്റുകള്‍വരെ നല്‍കാന്‍ തയ്യാറാണെന്ന എം.വി.എ. സഖ്യത്തിന്റെ നിര്‍ദേശം തള്ളിയാണ് അദ്ദേഹം പുതിയ മുന്നണി രൂപവത്കരണത്തിന് ഇറങ്ങുന്നത്.
മറാഠാപ്രക്ഷോഭ നേതാവ് ജരാങ്കെ പാട്ടീലുമായി അദ്ദേഹം ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിയിട്ടുണ്ട്. എന്നാല്‍, മറാഠാവിഭാഗത്തിന് ഇക്കാര്യത്തില്‍ രണ്ടഭിപ്രായമാണ്. ഒരു മുന്നണിയെയും പിന്തുണയ്ക്കേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാല്‍, മത്സരിക്കണമെന്ന് പറയുന്നവരുമുണ്ട്. 30 സീറ്റില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ജില്ലാനേതാക്കളോട് ജരാങ്കെ പാട്ടീല്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനിടയില്‍ മറാഠാവിഭാഗം രാഷ്ട്രീയക്കളിയില്‍നിന്ന് മാറിനില്‍ക്കണമെന്നും അത് യഥാര്‍ഥലക്ഷ്യത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി നാഗ്പുരില്‍നിന്നുള്ള ഒരു സംഘം അഭിഭാഷകര്‍ ജരാങ്കെ പാട്ടീലിനെക്കണ്ട് അഭ്യര്‍ഥിച്ചു. ജല്‍നയില്‍ ഞായറാഴ്ച നടക്കുന്ന യോഗത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിനുശേഷമായിരിക്കും പ്രകാശ് അംബേദ്കറിനൊപ്പം ചേരണമോയെന്ന തീരുമാനമുണ്ടാകുക.
എം.വി.എയിലും മഹായുതി സഖ്യത്തിലും സീറ്റുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മാറിനില്‍ക്കുന്ന ഒട്ടേറെ ചെറുകക്ഷികള്‍ മഹാരാഷ്ട്രയിലുണ്ട്. ഇവരെ തങ്ങളോടൊപ്പം ചേര്‍ക്കുകയെന്നതാണ് പ്രകാശ് അംബേദ്കറുടെ ലക്ഷ്യം. മുസ്ലിം-ദളിത് വോട്ടുകളാണ് അദ്ദേഹത്തിന്റെ ബലം. മൂന്നാം മുന്നണിയുമായി നീങ്ങുകയാണെങ്കില്‍ അത് എം.വി.എ. സഖ്യത്തിന് വലിയ വെല്ലുവിളിയാകും.
കഴിഞ്ഞതവണ പ്രകാശ് അംബേദ്കര്‍ മജ്‌ലിസ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍ പല ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ്, എന്‍.സി.പി. സ്ഥാനാര്‍ഥികള്‍ തോല്‍ക്കാനിടയായി. ബി.ജെ.പി. സഖ്യത്തില്‍ വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഈ മണ്ഡലങ്ങളില്‍ സഖ്യം നേടി.
ഇത്തവണ അതുണ്ടാകാതെ നോക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രകാശ് അംബേദ്കറെക്കൂടി എം.വി.എ. സഖ്യത്തിലെത്തിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, അഞ്ചുസീറ്റുകളില്‍ വഴങ്ങാതെ അദ്ദേഹം മാറിനിന്നു. ഏപ്രില്‍ രണ്ടിന് തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.