IndiaNEWS

കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്ത കരാര്‍; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: 1974ല്‍ കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്തതിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത പങ്കുവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്.

”കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണിത്. കച്ചത്തീവ് കോണ്‍ഗ്രസ് എത്ര നിഷ്‌കളങ്കമായാണ് വിട്ടുകൊടുത്തതെന്ന് പുതിയ വസ്തുതകള്‍ വെളിപ്പെടുത്തുന്നു. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുന്നു. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ജനങ്ങളുടെ മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു” -നരേന്ദ്ര മോദി ‘എക്സി’ല്‍ കുറിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താല്‍പ്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നത് 75 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തുവന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷം മോദി എന്താണ് ചെയ്തതെന്നും എന്തുകൊണ്ടാണ് ഇക്കാലമത്രയും മൗനം പാലിച്ചതെന്നും അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ബി.ജെ.പി തകര്‍ത്തെറിയുമെന്നാണ് എല്ലാ അഭിപ്രായ സര്‍വേകളും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമേശ്വരത്തിനും ശ്രീലങ്കക്കും ഇടയിലുള്ള ദ്വീപാണ് കച്ചത്തീവ്. ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ ഈ ദ്വീപ് ഉപയോഗിച്ചിരുന്നു. 1974 കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമായി ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 1974 ജൂലൈ 28ന് ഇന്ത്യന്‍ പ്രധനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയുമാണ് കരാറില്‍ ഒപ്പുവച്ചത്.

 

Back to top button
error: