ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയില്‍നിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു ഹൈക്കോടതിയില്‍നിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രില്‍ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ഉത്തരവില്‍ വ്യക്തമാക്കി. ഇടക്കാലാശ്വാസം തേടി കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇഡിക്കു നോട്ടീസയച്ചു. ഇതിന് ഏപ്രില്‍ 2നുള്ളില്‍ ഇഡി മറുപടി നല്‍കണം. അതേസമയം, കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയ്ക്കു 2നു റൗസ് അവന്യൂ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും.
അറസ്റ്റിനെതിരെ കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്കു നല്‍കിയില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. 23നു കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് ഇന്നലെ മാത്രമാണു തങ്ങള്‍ക്കു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വാദത്തിനിടെ ഇന്നലെ ഇ.ഡിക്കെതിരെ കേജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കേജ്രിവാളിനെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. കേസില്‍ കുടുക്കാന്‍ പാളയത്തിലുള്ളവരെ തന്നെ ഒറ്റുകാരാക്കിയെന്നാണു സിങ്വി പറഞ്ഞത്. ചരിത്രത്തിലും ഇത്തരത്തിലുള്ള വഞ്ചകരുണ്ട്. അവര്‍ക്കു അവരുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. അവരുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും സിങ്വി വാദിച്ചു.
ഇതു ജനാധിപത്യം കൂടി ഉള്‍പ്പെട്ട കേസാണ്. നിയവിരുദ്ധമായ അറസ്റ്റ് ആണെങ്കില്‍ ഒരു ദിവസം പോലും തടവില്‍ കഴിയുന്നത് ന്യായീകരിക്കാനാകില്ല. കൂടുതല്‍ സമയം നീട്ടിച്ചോദിക്കുന്നതിലൂടെ ഇ.ഡി അവരുടെ ഗൂഢോദ്ദേശ്യം വെളിപ്പെടുത്തുകയാണെന്നും സിങ്വി വാദിച്ചു.
കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിലൂടെ ഇ.ഡി മനഃപൂര്‍വം കാലതാമസം വരുത്തുകയാണെന്നു സിങ്വി ആരോപിച്ചു. പിന്നീട് സിങ്വി കേജ്രിവാളിന്റെ അറസ്റ്റും ഇ.ഡിയുടെ നടപടികളെയും രൂക്ഷമായി വിമര്‍ശിച്ചു.