ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴില്‍ സാഹചര്യം പരിതാപകരമെന്ന് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്. 2022ല്‍ രാജ്യത്തെ മൊത്തം തൊഴില്‍രഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവജനങ്ങളാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റുമായി ചേര്‍ന്ന് തയാറക്കിയ ‘ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് 2024’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്‍ 2004ല്‍ 54.2 ശതമാനം ആയിരുന്നെങ്കില്‍ 2022ല്‍ 65.7 ശതമാനമായി ഉയര്‍ന്നു. ഇതില്‍ 76.7 ശതമാനവും സ്ത്രീകളും 62.2 ശതമാനം പുരുഷന്‍മാരുമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്‌നം യുവജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നര്‍ക്കിടയില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2000 മുതല്‍ 2019 വരെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടൊപ്പം തൊഴിലില്ലായ്മയും വര്‍ധിച്ചു. എന്നാല്‍, കോവിഡിന് ശേഷം തൊഴിലവസരങ്ങള്‍ കുറഞ്ഞെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2000 ല്‍ മൊത്തം ജോലി ചെയ്യുന്ന യുവജനങ്ങളില്‍ പകുതിയും സ്വയം തൊഴില്‍ ചെയ്യുന്നവരായിരുന്നു. 13 ശതമാനം പേര്‍ക്കും സ്ഥിര ജോലിയുണ്ടായിരുന്നു. ബാക്കി 37 ശതമാനം പേര്‍ക്ക് നിശ്ചിതമല്ലാത്ത ജോലികളായിരുന്നു. 2022ല്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ 47 ശതമാനമാണ്. ഇതില്‍ സ്ഥിരം ജോലിയുള്ളവര്‍ 28 ശതമാനവും നിശ്ചിതമല്ലാത്ത ജോലിയുള്ളവര്‍ 25 ശതമാനവുമാണ്.
അടുത്ത ദശകത്തില്‍ ഇന്ത്യ 70 മുതല്‍ 80 ലക്ഷം വരെ യുവജനങ്ങളെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരുമെന്ന് പഠനം അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. തൊഴിലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴില്‍ മേഖലയിലെ അസമത്വങ്ങള്‍ പരിഹരിക്കുക, തൊഴില്‍ വിപണിയിലെ കഴിവുകളും നയങ്ങളും ശക്തിപ്പെടുത്തുക, തൊഴില്‍ വിപണിയുടെ രീതികളെയും യുവജനങ്ങള്‍ക്കുള്ള തൊഴിലവസരങ്ങളെയും കുറിച്ചുള്ള അറിവുകള്‍ നല്‍കുക എന്നിവയെല്ലാം വേണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം, എല്ലാ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കരുതുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു ചിന്താഗതിയില്‍നിന്ന് നമ്മള്‍ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടിന് പിന്നാലെ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും മോദി സര്‍ക്കാറിന്റെ ദയനീയമായ നിസ്സംഗതയുടെ ഭാരം അവര്‍ പേറുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.