ബംഗളൂരു: മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടുകൊടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സിറ്റിങ് എംപി സുമലത അംബരീഷ്. മണ്ഡലത്തില്‍ വീണ്ടും ബിജെപി പിന്തുണയോടെ മത്സരിക്കാമെന്ന സുമലതയുടെ മോഹം ഏതാണ്ട് ഇല്ലാതായി. ഇവര്‍ സ്വതന്ത്രയായി വീണ്ടും മത്സരിക്കുമെന്നാണ് സൂചന. അതേസമയം, സുമതലയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ തുടരുകയാണ്.
2019ല്‍ സ്വതന്ത്രയായാണ് സുമതല മാണ്ഡ്യയില്‍നിന്ന് ലോക്സഭയിലെത്തിയത്. കോണ്‍ഗ്രസ്-ദള്‍ സ്ഥാനാര്‍ത്ഥിയും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലം ജെഡിഎസിന് വിട്ടുകൊടുക്കാനുള്ള നീക്കം അപ്രതീക്ഷിത നീക്കമായി.
മാണ്ഡ്യയ്ക്ക് പകരമായി ചിക്ക്ബല്ലാപൂര്‍, ബംഗളൂരു നോര്‍ത്ത് സീറ്റുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല. ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്തു. ”ബംഗളൂരു നോര്‍ത്തില്‍ മത്സരിക്കാനുള്ള വാഗ്ദാനം ഞാന്‍ നിരാകരിച്ചതാണ്. അത്തരമൊരു അവസരത്തില്‍ ചിക്കബല്ലാപൂരില്‍നിന്ന് ഞാന്‍ മത്സരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” എന്നായിരുന്നു അവരുടെ ചോദ്യം. മാണ്ഡ്യയില്‍ അല്ലാതെ മറ്റൊരിടത്തും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനില്ലെന്നും അവര്‍ വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മാണ്ഡ്യയില്‍ മത്സരിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സ്റ്റാര്‍ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കടരമണ ഗൗഡയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
മാണ്ഡ്യയ്ക്ക് പുറമേ, ഹാസന്‍, കോലാര്‍ മണ്ഡലങ്ങളാണ് സീറ്റു ധാരണ പ്രകാരം ജെഡിഎസിന് നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. 2019ല്‍ സംസ്ഥാനത്തെ 28 മണ്ഡലത്തില്‍ 25ലും ബിജെപി വിജയിച്ചിരുന്നു.