സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ.
ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല.കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു.അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല എന്നതും വാസ്തവം.
അതിനാൽ തന്നെ ലൂണ പുറത്ത് പോയതിനു ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ഓരോ അപ്ഡേറ്റിനും ആവര്‍ പ്രതീക്ഷയോടെയാണ് ചെവിയോര്‍ക്കുന്നത്. ഇപ്പോഴിതാ ലൂണ തിരിച്ചെത്തിയെന്നും പരിശീലനം ആരംഭിച്ചുമെന്നുമുള്ള വാർത്തകളാണ് ബ്ലാസ്‌റ്റേഴ്‌സ് പങ്ക് വയ്ക്കുന്നത്.
സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നാണ് ലൂണ തന്നെ പറയുന്നത്. ഒരു കളിക്കാരനെ സംബന്ധിച്ച് പരിക്കേറ്റ് പുറത്തിരിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ചികിത്സയും മറ്റും നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും ഉടൻ തന്നെ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമെന്നുതന്നെയുമാണ് കരുതുന്നതെന്നും ലൂണ പറയുന്നു.
സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോള്‍ മികച്ച പ്രകടനത്തോടെ കിരീടപ്രതീക്ഷ നല്‍കിയ ടീമാണ് ബ്ലാസ്റ്റേഴ്സ്.സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളികളില്‍ അഞ്ചിലും തോറ്റു.ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫില്‍ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.
ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും.ഈ മാസം 30 ന്, ജംഷഢ് പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം.
ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാള്‍, നോർത്തീസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നീ ടീമുകള്‍ക്കെതിരെയും മഞ്ഞപ്പട കളിക്കും.ഇതില്‍ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം മാത്രമാണ് കൊച്ചിയില്‍ നടക്കാനുള്ളത്.