Social MediaTRENDING
എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി ചില്ലറക്കാരിയല്ല : സോഷ്യൽ മീഡിയയിൽ ചർച്ച
News DeskFebruary 28, 2024
കൊച്ചി : എറണാകുളത്തെ സ്ഥാനാർത്ഥി ലിസ്റ്റിൽ കെ ജെ ഷൈൻ ടീച്ചർ എന്ന പേര് കേട്ടതു മുതൽ ഇതാരെന്നായിരുന്നു പലരും പങ്ക് വെച്ച പരിഹാസം. എന്നാൽ ആ പേർ കേട്ടത് മുതൽ ഞെട്ടിയ രണ്ട് പേരുണ്ട്, അത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈബി ഈഡനുമാണ്. കാരണം അവർക്ക് അറിയാം ഷൈൻ ടീച്ചർ ആരെന്ന്… സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്.
പറവൂർ നഗരസഭയിൽ കോൺഗ്രസ്സിന്റെ കുത്തക ഡിവിഷൻ ആയിരുന്നു വാർഡ് നമ്പർ 12, ശാന്തിനഗർ, അവിടെ നിന്നാണ് ടീച്ചർ ഇത്തവണ വിജയിച്ച് നഗരസഭ സ്റ്റാൻഡിംഗ് കമിറ്റി ചെയർപേഴ്സൺ ആയത്.
ഇത് ആദ്യമായായിരുന്നില്ല ടീച്ചർ വിജയിക്കുന്നത്, തുടർച്ചയായ മൂന്ന് മത്സരങ്ങൾ, അതും കോൺഗ്രസ്സിന് ഏറ്റവും സ്വാധീനമുള്ള ഡിവിഷനുകളിൽ, മുന്നിടത്തും വിജയം ടീച്ചർക്ക് ഒപ്പമായിരുന്നു.
സി പി ഐ എമ്മിന്റെ പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ ടീച്ചർ, കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പള്ളിപ്പുറം സെന്റ് മേരീസ് സ്കൂൾ അദ്ധ്യാപിക ആയിരുന്നു. മണ്ഡലത്തിലെ വിവിധ സ്കൂളുകൾ ജോലി ചെയ്തിട്ടുണ്ട്. കെ എസ് ടി എ യുടെ മുൻ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
പതിവ് സ്വതന്ത്രയായല്ല പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ഒന്നാം തരം കേഡറാണ് ഷൈൻ ടീച്ചർ.കുടുംബവും പാർട്ടി തന്നെ, ഭർത്താവ് ഡൈന്യൂസ് തോമസ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (KGOA) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
പറവൂർ ഗോതുരുത്തിലെ യാഥാസ്ഥിക ക്രൈസ്തവ കുടുംബത്തിൽ പിറന്ന്, കെ സി എസ് എൽ, കെ സി വൈ എം എന്നിവയിലൂടെ പ്രവർത്തിച്ച് പാർട്ടിയിലേയ്ക്ക് എത്തിയ സഖാവ് ഇപ്പോൾ മുഴുവൻ സമയ സി പി ഐ എം പ്രവർത്തകയാണ്.
സേവ്യർ അറയ്ക്കലും സെബാസ്റ്റ്യൻ പോളും അട്ടിമറി വിജയം നേടിയ എറണാകുളം മണ്ഡലത്തിൽ , ദാവീദാകാൻ തന്നെയാണ് ടീച്ചറുടെ വരവ്.
കടപ്പാട്: സോഷ്യൽ മീഡിയ