തിരിച്ചടിച്ച സ്വര്‍ണക്കൊള്ള ഇനിയും തിരിച്ചടിക്കില്ലേ സഖാവേ; ഇനിയെന്തു പറഞ്ഞ് ജനങ്ങളുടെ വിശ്വാസം നേടും; ഭരണ വിരുദ്ധ വികാരമില്ലെങ്കിലും എന്തോ ഒരു കുറവുണ്ടെന്ന് വിലയിരുത്തല്‍; മുന്‍നിര്‍ത്താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വേണം

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതിന്റെ ഒരു കാരണം ശബരിമല സ്വര്‍ണക്കൊള്ള കേസാണെന്ന് സിപിഎമ്മില്‍ വലിയൊരു വിഭാഗം ആരോപിക്കുമ്പോള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിഷയം തിരിച്ചടിയാകില്ലേ എന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പരസ്പരം ചോദിക്കുന്നു. അണികളും ഇതേ സംശയം ഉന്നയിക്കുന്നുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു നിലപാടെടുക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞില്ല എന്നത് തദ്ദേശത്തില്‍ എന്നപോലെ നിയമസഭയിലും വോട്ടര്‍മാര്‍ ചിന്തിക്കുമെന്ന് സംസ്ഥാന സമിതിക്ക് ശേഷവും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എങ്ങിനെ ഈ പോരായ്മ പരിഹരിക്കും എന്ന കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം ആയിട്ടില്ലെങ്കിലും എത്രയും വേഗം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയില്‍ വിലയിരുത്തലുണ്ടായി. എന്നാല്‍ ഭരണത്തിന് അനുകൂലമായ തരംഗവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. പലയിടത്തും സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടത് ഇതിനെ ഉദാഹരണമായും അവര്‍ എടുത്തു പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ നടപടിയെടുക്കാതിരുന്നതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാനിടയാക്കിയതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഇപ്പോള്‍ കാര്യങ്ങള്‍ മൊത്തത്തില്‍ കൈവിട്ടുപോയിരിക്കുകയാണെന്നും പാര്‍ട്ടിയുമായി ബന്ധമുള്ളവരിലേക്ക് കേസ് നീളുന്നത് വലിയ പ്രശ്‌നമാണെന്നും പലരും ചൂണ്ടിക്കാട്ടി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും സംസ്ഥാന സമിതിയിലെ ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഇതേ രീതിയിലുളള അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്തുനിന്നും നേരിട്ടതെന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോള്‍ പലഭാഗത്തു നിന്നും അമ്പലം വിഴുങ്ങിയെന്ന കളിയാക്കല്‍ കൂടി പ്രചരണകാലത്ത് നേരിടേണ്ടി വന്നതായി മറ്റു ചിലര്‍ വിഷമം പ്രകടിപ്പിച്ചു. തിരിച്ചു പ്രതിരോധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടായിരുന്നതെന്നും അതായിരുന്നു വലിയ പ്രശ്്‌നമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

വോട്ടര്‍മാര്‍ ഉന്നയിച്ച ഇത്തരം ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പരസ്യമായി കളിയാക്കിയതിനുമൊന്നും മറുപടി നല്‍കാന്‍ പാര്‍ട്ടിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ സാധാരണ പ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞില്ല എന്നത് കുറ്റങ്ങള്‍ പാര്‍ട്ടി സമ്മതിക്കുന്നതിന് തുല്യമായിരുന്നുവെന്നാണ് സംസ്ഥാന സമിതിയില്‍ കേട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തല്‍. എന്നാല്‍ കനത്ത തിരിച്ചടി നേരിട്ടു. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നുപോയതെന്നത് ആശ്വാസം പകരുന്ന കാര്യമാണെന്ന് പലരും സമ്മതിച്ചു.
അതേസമയം സിപിഐ വരെ മുന്നണിയില്‍ എതിരാളികളാക്കി
പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് സിപിഎമ്മിന് തിരിച്ചടിയായി എന്ന് മിക്കവരും അഭിപ്രായപ്പെട്ടു.
ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചു. സിപിഎം – ബിജെപി ധാരണയെന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ ചില അപക്വ പരാമര്‍ശങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അത് തെറ്റായെന്നും സംസ്ഥാനസമിതിയില്‍ ചിലര്‍ തുറന്നടിച്ചു.
ശബരിമലയില്‍ നടത്തിയ അയ്യപ്പ സംഗമത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഉദ്ദേശ്യശുദ്ധി എന്തു തന്നെയായാലും എല്‍ഡിഎഫ് സര്‍ക്കാര്‍ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന അഭിപ്രായം പല കോണില്‍ നിന്നുമുണ്ടായി. ഇതിനു പപിന്നാലെ പുറത്തുവന്ന സ്വര്‍ണക്കൊള്ളയും വ്യാഖ്യാനങ്ങള്‍ക്ക് ആക്കംകൂട്ടി.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘടനാ വീഴ്ചയുണ്ടായി. നല്ല കാര്യങ്ങള്‍ പലതും ചെയ്‌തെങ്കിലും അതിനൊന്നും ജനം തിരിച്ചു നല്‍കിയില്ല. എം.എം.മണിയുടെ പ്രസ്താവന കേരളത്തിലെ വോട്ടര്‍മാര്‍ മറന്നില്ലെങ്കില്‍ മാത്രമേ നിയമസഭ തെരഞ്ഞെടുപ്പില്‍ രക്ഷയുണ്ടാകൂ എന്ന വിമര്‍ശനവും ഉയര്‍ന്നു.

കേട്ടതും ഉന്നയിക്കപ്പെട്ടതും സംഭവിച്ചതുമായ വിമര്‍ശനങ്ങളും തെറ്റുകുറ്റങ്ങളും നിരാകരിക്കാനോ തിരിച്ചു ചോദ്യം ചെയ്യാനോ എതിര്‍ത്ത് ശാസിക്കാനോ നില്‍ക്കാതെ എല്ലാം ശരിയാക്കണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാനസമിതിയില്‍ പങ്കെടുത്ത നേതാക്കളില്‍ നിന്നുണ്ടായത്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് പറയാന്‍ പറ്റില്ലെങ്കിലും ഇനി സംഭവിക്കേണ്ടതെല്ലാം നല്ല കാര്യങ്ങളാകണമെന്ന് നേതൃത്വം ഓര്‍മിപ്പിച്ചു. പറ്റിയ തെറ്റുകളും പാളിച്ചകളും ഇനിയും പറ്റാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും തദ്ദേശഭരണ തെരഞ്ഞെടുപ്പലെ തിരിച്ചടികളും അധികാരം പിടിച്ചെടുക്കാന്‍ ഏതറ്റം വരെയും രാഷ്ട്രീയപാര്‍ട്ടികള്‍ പോകുമെന്നതിന്റെ കാഴ്ചകളുമെല്ലാം മനസിലോര്‍ത്തുവേണം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.






