ഗില്‍ തിരിച്ചെത്തിയാല്‍ ഈ അഞ്ചുപേര്‍ക്കു ക്ഷീണം: ആദ്യം തെറിക്കുക സഞ്ജു? റിതുരാജും ജെയ്‌സ്വാളും എലിമിനേറ്റര്‍ റൗണ്ടില്‍; സൂര്യകുമാറിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പ് വരെ മാത്രം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അവസാന നിമിഷം പുറത്താക്കപ്പെട്ടെങ്കിലും യുവ ഓപ്പണറും മറ്റു ഫോര്‍മാറ്റുകളിലെ നായകനുമായ ശുഭ്മന്‍ ഗില്ലിന്റെ വഴിയടഞ്ഞിട്ടില്ല. ടി20 ടീമില്‍ നിന്നുള്ള താല്‍ക്കാലികമായ മാറ്റിനിര്‍ത്തല്‍ മാത്രമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരം. ടി20 ലോകകപ്പിനു പിന്നാലെയുള്ള അടുത്ത ഐപിഎല്‍ സീസണ്‍ കഴിഞ്ഞാല്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗില്‍ തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ബിസിസിഐയുടെ പ്രഥമ പരിഗണനയും അദ്ദേഹത്തിനു തന്നെയാണ്. ടി20 ടീമിലേക്കു ഗില്‍ മടങ്ങിയെത്താല്‍ ചില താരങ്ങള്‍ക്കു അതു വലിയ ക്ഷീണമായി മാറും. അതു ആരൊക്കെയാണെന്നു നോക്കാം.
ടി20 ലോകകപ്പ് കഴിഞ്ഞ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ പ്രധാനമായും അഞ്ചു താരങ്ങള്‍ക്കാണ് അതു വലിയ ക്ഷീണമായി മാറുക. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, അഗ്രസീവ് ഓപ്പണറായ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, മുന്‍നിര ബാറ്ററായ റുതുരാജ് ഗെയ്ക്വാദ് എന്നിവരാണിത്.
ലോകകപ്പ് വരെ മാത്രമേ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തു സൂര്യയെ നിലനിര്‍ത്തിയേക്കുകയുള്ളൂ. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ അദ്ദേഹത്തെ മാറ്റി പകരം ഗില്ലിനെ ചുമതലയേല്‍പ്പിക്കാനാണ് ബിസിസിസിഐയുടെ പ്ലാന്‍. 2028ലെ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യും.
നായകസ്ഥാനം നഷ്ടമായാലും കുറച്ചു കാലം കൂടി ടീമിനായി കളിക്കണമെന്നു തന്നെയാവും സൂര്യ ആഗ്രഹിക്കുക. കാരണം ഫിറ്റ്നസ് പ്രശ്നങ്ങളൊന്നും തന്നെ നിലവില്‍ അദ്ദേഹത്തിനില്ല. എന്നാല്‍ സൂര്യയെ ടീമിന്‍ നിലനിര്‍ത്തണമെന്നു ഗില്‍ ആഗ്രഹിക്കില്ല. കാരണം ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ടീമില്‍ നിന്നൊഴിവാക്കിയതില്‍ വലിയ പങ്ക് സ്‌കൈയ്ക്കുണ്ട്.
കൂടാതെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ തിരികെ കൊണ്ടുവന്നപ്പോള്‍ ഇതിനെ എതിര്‍ത്തയാളാണ് സൂര്യ. അതിനാല്‍ നായകനായാല്‍ ആദ്യം ചീട്ട് കീറിയേക്കുക അദ്ദേഹത്തിന്റെയാവും. സൂര്യയെ ടീമില്‍ നിന്നൊഴിവാക്കി പകരം വീട്ടാന്‍ ഗില്‍ ശ്രമിച്ചേക്കുകയും ചെയ്യും.
ഗില്‍ വീണ്ടും ക്യാപ്റ്റായാല്‍ സഞ്ജുവിന്റെ പൊസിഷനെക്കുറിച്ചും ആശങ്കയുയരും. അദ്ദേഹം ഒഴിവാക്കപ്പെട്ടതോടെയാണ് ടി20 ലോകകപ്പില്‍ സഞ്ജുവിനു വീണ്ടും ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. നേരത്തേ ഗില്‍ ഓപ്പണറായി കളിച്ചുകൊണ്ടിരിക്കവെ ഭൂരിഭാഗം മല്‍സരങ്ങളിലും അദ്ദേഹം പുറത്തായിരുന്നു.
വീണ്ടും നായകനായാല്‍ ഓപ്പണിങ് റോളില്‍ ഗില്‍ തിരിച്ചെത്തുമെന്നു മാത്രമല്ല, ഈ സ്ഥാനം ഭദ്രമാക്കുകയും ചെയ്യും. മധ്യനിരയില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെന്നതിനാല്‍ തന്നെ സഞ്ജുവിനു അവസരങ്ങളും കുറയും. മാത്രമല്ല, സൂര്യയെപ്പോലെ അത്ര മികച്ച സൗഹൃദവും ഗില്ലിനില്ല. അതിനാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള പിന്തുണയും മലയാളി താരത്തിനു കിട്ടില്ല.
ഗില്‍ ക്യാപ്റ്റനാവുന്നതോടെ ജയ്സ്വാളിന്റെയും പ്രതീക്ഷകള്‍ ഏറെക്കുറെ അസ്‌കമിക്കും. ഗില്ലും അഭിഷേക് ശര്‍മയുമാവും ടീമിന്റെ ഫസ്റ്റ് ചോയ്സ് ഓപ്പണിങ് ജോടികള്‍. ജൂനിയര്‍ തലം മുതല്‍ പഞ്ചാബിനായി ഒരുമിച്ച് കളിച്ചതിനാല്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ സഹോദരതുല്യമായ അടുപ്പമാണുള്ളത്. അതിനാല്‍ ഗില്ലിന്റെ പിന്തുണയും എല്ലായ്്പ്പോഴും അഭ്ിഷേകിനാവും.
ഇഷാന്‍, റുതുരാജ് തുടങ്ങിയവരുടെയും ടി20 കരിയറിനു ഗില്‍ ഭീഷണിയാണ്. അദ്ദേഹം ടീമിലുണ്ടെങ്കില്‍ ഇഷാന് തന്റെ ഫേവവറിറ്റ് പൊസിഷനാ ഓപ്പണിങില്‍ കളിക്കാന്‍ ഒരിക്കലും അവസരം ലഭിക്കില്ല. റുതുരാജിന്റെയും കാര്യം ഇങ്ങനെ തന്നെയാണ്. ഓപ്പണിങ് വിട്ട് മറ്റു പൊസിഷുകളില്‍ ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ ടി20യില്‍ ഇവര്‍ക്കു കരിയറില്‍ ഭാവിയുള്ളൂ.






