KeralaNEWS

സിനിമാ സമരത്തിനെതിരേ ഫിയോക്കില്‍ കലാപക്കൊടി; പിളര്‍പ്പിന് സാധ്യത

കൊച്ചി: നിര്‍മാതാക്കളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പുതിയ മലയാളം സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിനെതിരേ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളില്‍ എതിര്‍പ്പ് ശക്തമാകുന്നു. കലാപക്കൊടി ഉയര്‍ത്തിയതിനൊപ്പം ഒരുവിഭാഗം പുതിയ കൂട്ടായ്മയ്ക്കുള്ള ആലോചനയിലുമാണ്.

ഇഷ്ടമുള്ള പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കുക, ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍മാതാക്കള്‍ക്ക് മുമ്പാകെ ഉയര്‍ത്തിയാണ് ഫിയോക് 23 മുതല്‍ മലയാളം സിനിമകളുടെ റിലീസ് നിര്‍ത്തിയത്. എന്നാല്‍, ഇത് പ്രസിഡന്റ് കെ. വിജയകുമാറിന്റെ ഏകപക്ഷീയ തീരുമാനമാണെന്നാരോപിച്ചാണ് ഒരു വിഭാഗം രംഗത്തുവന്നിട്ടുള്ളത്. ചര്‍ച്ച നടത്തുന്നതിനു പകരം ധൃതിയില്‍ സമരം പ്രഖ്യാപിക്കുകയായിരുന്നെന്നും ഇത് സിനിമയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നുമാണ് ഇവര്‍ പറയുന്നത്.

Signature-ad

നിര്‍മാതാക്കള്‍ കൂടിയായ നടന്‍ ദിലീപും ആന്റണി പെരുമ്പാവൂരുമാണ് യഥാക്രമം ഫിയോക്കിന്റെ ചെയര്‍മാനും വൈസ് ചെയര്‍മാനും. ഫിയോക്കിന്റെ ആരോപണങ്ങള്‍ ഫലത്തില്‍ ഇവരെയും ബാധിക്കുന്ന അവസ്ഥയാണിപ്പോള്‍. ദിലീപ് നായകനായ ‘തങ്കമണി’ മാര്‍ച്ച് ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. നാദിര്‍ഷാ സംവിധാനം ചെയ്ത ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ 23 -ന് റിലീസ് ചെയ്യേണ്ടതായിരുന്നു. സമരത്തെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നിലേക്ക് റിലീസ് മാറ്റി.

ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനോട് എതിര്‍പ്പുള്ളവര്‍ ദിലീപിനൊപ്പം ചേര്‍ന്ന് പുതിയ സംഘടനയ്ക്കുള്ള ആലോചന തുടങ്ങിയത്. മുമ്പ് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള കേരള ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷനായിരുന്നു തിയേറ്ററുടമകളുടെ പ്രബല സംഘടന. ബഷീറിനോടുള്ള എതിര്‍പ്പില്‍ ഒരുവിഭാഗം പിളര്‍ന്നുമാറിയുണ്ടായതാണ് ഫിയോക്.

സംഘടനയ്ക്കുള്ളില്‍ പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരേ എതിര്‍പ്പുണ്ടായിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഭാരവാഹി വെളിപ്പെടുത്തി. തര്‍ക്കങ്ങളെല്ലാം ഈയാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നും പിളര്‍പ്പിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: