തിരുവനന്തപുരം: ഇനി ഉച്ചയൂണ് കഴിക്കാന്‍ പുറത്തിറങ്ങേണ്ടി വരില്ല. സ്റ്റീല്‍ പാത്രങ്ങളില്‍ ചൂടോടെ ഉച്ചയൂണ് എത്തിക്കാന്‍ കുടുംബശ്രീ ഉണ്ടാകും. ഇതിനായി കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ സജ്ജമാകുന്നു. കുടുംബശ്രീ ഓണ്‍ലൈന്‍ ആപ്പായ ‘പോക്കറ്റ് മാര്‍ട്ട്’ വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക.
തുടക്കത്തില്‍ ഉച്ചയൂണു മാത്രമാണ് നല്‍കുന്നത്. മുട്ട, മീന്‍ എന്നിവ ചേര്‍ന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിനു 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലര്‍ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.
കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് വിതരണവും. സ്റ്റീല്‍ പാത്രങ്ങളില്‍ എത്തിച്ച ശേഷം പാത്രങ്ങള്‍ പിന്നീട് മടക്കി വാങ്ങും. തുടക്കത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
കേന്ദ്രീകൃത അടുക്കളയില്‍ പാചകം ചെയ്ത ഭക്ഷണമായിരിക്കും നല്‍കുക. വൃത്തിയോടെ രുചികരവും ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നല്കുന്നുവെന്നതാണ് മെച്ചമെന്നു കുടുംബശ്രീ പറയുന്നു. ഭക്ഷണ വിതരണത്തില്‍ പ്രാവീണ്യമുള്ള ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരിക്കും അടുക്കള പ്രവര്‍ത്തിക്കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവര്‍ത്തനം.
ഏറ്റവും കുറഞ്ഞത് ആയിരം ഉച്ച ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാന്‍ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏല്‍പ്പിക്കും. ടു വീലര്‍ സ്വന്തയമായുള്ള ലൈസന്‍സുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുബാംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.
ആവശ്യക്കാരുടെ താത്പര്യം അറിഞ്ഞ് ഭാവിയില്‍ കേരള ഊണിനു പുറമെ നോര്‍ത്ത് ഇന്ത്യന്‍ ഉച്ച ഭക്ഷണം, ജീവിതശൈലീ രോ?ഗത്തിനു മുന്‍കരുതലായി ഡയറ്ററി ലഞ്ച്, നാരുകള്‍ കൂടുതല്‍ അടങ്ങിയ ഉച്ച ഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും.