IndiaNEWS

വോട്ടെടുപ്പിനു മുന്‍പേ യുപിയില്‍ നാടകീയ നീക്കം; എസ്പിയുടെ ‘ചീഫ് വിപ്പ്’ തന്നെ രാജിവച്ചു

ലഖ്‌നൗ: സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തര്‍പ്രദേശില്‍ നാടകീയ രാഷ്്ട്രീയ നീക്കങ്ങള്‍. സമാജ്വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. ഉഞ്ചാഹറില്‍ നിന്നുള്ള എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെയാണ് രാജിവച്ചത്. സമാജ്വാദി പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചീഫ് വിപ്പ് തന്നെ രാജിവച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നില്‍നിന്ന് എട്ട് എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു.

അതിനിടെ, സമാജ്വാദി പാര്‍ട്ടിയുടെ എംഎല്‍എമാരെ ബിജെപി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഇന്നലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച അഖിലേഷ്, ബിജെപിയുടെ കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇന്നു പ്രതികരിക്കുമ്പോള്‍ അഖിലേഷ് ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലായിരുന്നു.

കോണ്‍ഗ്രസ്, സമാജ്വാദി എംഎല്‍എമാര്‍ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കയ്ക്കിടയിലാണ് രാജ്യസഭയിലേക്ക് കടുത്ത മത്സരം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന്‍ എന്നിവരുള്‍പ്പടെ 56 സീറ്റുകളിലേക്കുള്ള 41 പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി എട്ട് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി മൂന്നുപേരെയും. രണ്ടു പാര്‍ട്ടിയിലെയും എംഎല്‍എമാര്‍ പ്രതീക്ഷിച്ച പോലെ വോട്ട് രേഖപ്പെടുത്തുകയാണെങ്കില്‍ ബിജെപിക്ക് ഏഴും സമാജ്വാദി പാര്‍ട്ടിക്ക് രണ്ടും അംഗങ്ങളെ വീതം എതിരില്ലാതെ അയയ്ക്കാന്‍ സാധിക്കും.

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്, മുന്‍ എംപി ചൗധരി തേജ്വിര്‍ സിങ്, മുതിര്‍ന്ന സംസ്ഥാന നേതാവ് അമര്‍പാല്‍ മൗര്യ, മുന്‍ മന്ത്രി സംഗീത ബാലവന്ത്, പാര്‍ട്ടി വക്താവ് സുധാന്‍ഷു ത്രിവേദി, മുന്‍ എംഎല്‍എ സാധന സിങ്, ആഗ്ര മേയര്‍ മുന്‍ നവീന്‍ ജെയ്ന്‍ എന്നിവരെയാണ് ബിജെപി മത്സരത്തിനായി നിര്‍ത്തിയിരിക്കുന്നത്. ഇതിനുപുറമേ ബി.ജെ.പി എട്ടാം സ്ഥാനാര്‍ഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയതോടെ ഒരു സീറ്റില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അഭിനേത്രി ജയാ ബച്ചന്‍, വിരമിച്ച ഐഎഎസ് ഓഫിസര്‍ അലോക് രഞ്ജന്‍, ദലിത് നേതാവ് ലാല്‍ സുമന്‍ എന്നിവരാണ് സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍.

സമാജ്വാദി പാര്‍ട്ടി ക്യാമ്പില്‍ നിന്നുള്ള ക്രോസ് വോട്ടിലൂടെ എട്ടാമത്തെ സീറ്റ് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എസ്പിയുടെ പത്ത് എംഎല്‍എമാര്‍ തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി ബിജെപി അവകാശപ്പെട്ടിരുന്നു.

Back to top button
error: