ജീവന്‍രക്ഷാ മരുന്നുകൾക്ക് വിപണിയിൽ തീപിടിച്ച വിലയാണ്. പ്രധാനമന്ത്രി ജന്‍ ഔഷധി സെൻ്ററുകളിലും അപൂർച്ചം ചില മെഡിക്കൽ സ്റ്റോറുകളിലും ഗണ്യമായി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാണെങ്കിലും പൊതു വിപണിയിൽ ഇപ്പോഴും എല്ലാ മരുന്നുകൾക്കും വൻ വിലയാണ്. ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മരുന്നു നിർമാണ കമ്പനിയായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഷോപ്പുകളിലേക്ക് നേരിട്ട് മരുന്നുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്. കെഎസ്ഡിപി നിർമിക്കുന്ന മരുന്നുകൾ സ്വന്തം ബ്രാൻഡിൽ വിപണിയിൽ എത്താക്കാനാണ് നീക്കം. ഇതോടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ താഴ്ന്ന നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
സംസ്ഥാനത്തെ വിപണിയിൽ 15,000 കോടി രൂപയുടെ മരുന്നുകളാണ് നിലവിൽ വിറ്റഴിക്കപ്പെടുന്നത്. എന്നാൽ 220 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കിയത്രയും കേരളത്തിന്റെ പുറത്തുനിന്നാണ് വരുന്നത്. അതുകൊണ്ട് കെഎസ്ഡിപി നിർമിക്കുന്ന മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിലേക്ക് നേരിട്ട് എത്തിച്ചാൽ, ഗുണനിലവാരമുള്ള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സ്ഥാപനത്തിന് അധിക വരുമാനവും കണ്ടെത്താൻ സാധിക്കും.
വിപണി വിലയുടെ പകുതി നിരക്കിൽ മെഡിക്കൽ ഷോപ്പുകൾക്ക് മരുന്നു നൽകാനാണ് കെഎസ്ഡിപി ആലോചിക്കുന്നത്. നിലവിൽ വിപണി വിലയുടെ 50 ശതമാനം ഡിസ്കൗണ്ട് നൽകിയാണ് കെഎസ്ഡിപി മരുന്നുകൾ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും ഇതര സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്നത്. ഇതേ വിലക്കുറവിൽ തന്നെ മെഡിക്കൽ ഷോപ്പുകളിലേക്കും വിതരണം ചെയ്താൽ വിപണിയിൽ നേട്ടം കരസ്ഥമാക്കാനാകും എന്നാണ് കെഎസ്ഡിപി കണക്കുകൂട്ടുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ 100 കോടിയിലധികം രൂപയുടെ വിവിധയിനം മരുന്നുകൾ ഇതിനകം കെഎസ്ഡിപി ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതിൽ 60 ശതമാനവും സർക്കാർ ആശുപത്രികളിലേക്കാണ് വിതരണം ചെയ്തത്. കേരളത്തിന് പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങൾക്കും കെഎസ്ഡിപി മരുന്നുകൾ നിർമിച്ചു നൽകുന്നുണ്ട്.
അതേസമയം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് കെഎസ്ഡിപി മരുന്നുകൾ വിതരണം ചെയ്തിരുന്നത്. ഇതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കെഎസ്ഡിപിയിൽ നിന്നും നേരിട്ട് മരുന്ന് വാങ്ങിയശേഷം സർക്കാർ ആശുപത്രികളിലേക്ക് വിതരണം ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചിരുന്നു.
അതുപോലെ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സംഭരണ കേന്ദ്രവും കെഎസ്ഡിപി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 92 മരുന്നുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിയും കെഎസ്ഡിപി തുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചുകഴിഞ്ഞു.