പൊതു നിരത്തുകളിൽ നിന്നും നിശ്ചിത ദൂരപരിധി പാലിക്കാതെ നിർമിച്ച വീടുകളും കെട്ടിടങ്ങളും പിഴയടച്ച് ക്രമവൽക്കരിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ നിലവിൽ വന്നു. ഇതോടെ മൂന്ന് മീറ്റർ ദൂരപരധി ലംഘിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിച്ചു നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയും. ഇതിനു പുറമെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ക്രമവത്കരണത്തിനു നൽകേണ്ട അപേക്ഷാ ഫീസ് ഏകീകരിക്കുകയും നിരക്കുകളിൽ ഇളവും വരുത്തുകയും ചെയ്തിട്ടുണ്ട്.
ഏതൊക്കെ ചട്ട ലംഘനങ്ങൾ ക്രമപ്പെടുത്താം?
നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം ലംഘിക്കുന്നത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത് എന്നിവ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ക്രമവൽക്കരിക്കാനുള്ള അവസരമാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനോപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ നടപടി സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരള മുനിസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കൽ ചട്ടങ്ങൾ- 2023, കേരള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കൽ ചട്ടങ്ങൾ- 2023 എന്നിവയുടെ ഭേദഗതി പ്രാബല്യത്തിൽ വന്നതോടെയാണ് ഉടമകൾ ആശ്വസമാകുന്നത്. അതേസമയം വിവിധതരം ചട്ടലംഘനങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴയാണ് നൽകേണ്ടത്.
2019 നവംബർ ഏഴിനോ അതിനു മുൻപായോ നിർമാണം ആരംഭിച്ചതും പൂർത്തിയാക്കിയതുമായ അനധികൃത കെട്ടിടങ്ങളെയാണ് ക്രമപ്പെടുത്താൻ സാധിക്കുക. അതുപോലെ ക്രമവൽക്കരണ അപേക്ഷാ ഫീസിൽ നിന്നു 100 ചതുരശ്ര മീറ്റർ (1076 ചതുരശ്ര അടി) വരെ വിസ്തൃതിയുള്ള വീടുകളെ ഒഴിവാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ ഈ ഇളവ്, 60 ചതുരശ്ര മീറ്റർ (645 ചതുരശ്ര അടി) വരെയുള്ള അനധികൃത വീടുകൾക്ക് മാത്രമായിരുന്നു അനുവദിച്ചിരുന്നത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ കെട്ടിടത്തിന്റെ പ്ലാനും അനുബന്ധ രേഖകളും ഉൾപ്പെടെ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് മുൻപാകെ സമർപ്പിക്കുക.
ചട്ടലംഘനത്തിന് നിഷ്കർഷിച്ചിരിക്കുന്ന അപേക്ഷാ ഫീസ് നൽകണം.
തുടർന്ന് ജില്ലാതലത്തിലുള്ള ക്രമവൽക്കരണ സമിതി, അപേക്ഷകൾ പരിശോധിച്ചശേഷം തീരുമാനമെടുക്കും.
അപേക്ഷയിന്മേൽ ജില്ലാതല സമിതി എടുക്കുന്ന തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാനതല അപ്പീൽ സമിതിയെ സമീപിക്കാം.
ഇവിടെയും ആക്ഷേപം ഉള്ളവർക്ക് സർക്കാർ തലത്തിൽ അപ്പലേറ്റ് അതോറിറ്റിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻപാകെ അപ്പീൽ സമർപ്പിക്കാം.
ഫീസ് നിരക്ക്
★ 100 മുതൽ 200 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടം: 1000 രൂപ
★ 200 മുതൽ 500 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടം: 3500 രൂപ
★ 500 മുതൽ 1000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടം: 5000 രൂപ
★ 1 -000 ചതുരശ്ര മീറ്ററിന് മുകളിൽ 10,000 രൂപയും അധികം വരുന്ന ഓരോ ചതുരശ്ര മീറ്ററിന് 50 രൂപ വീതം പിഴയും.