ന്യൂഡൽഹി:വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി 100 സീറ്റുകള്‍ പോലും നേടില്ലെന്നും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും കോണ്‍ ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
അമേഠിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
തിരഞ്ഞെടുപ്പില്‍ 400 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകള്‍ പോലും കടക്കാനാകില്ല. ഇത്തവണ അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടും – മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും കെട്ടിക്കിടക്കുകയായിരുന്നു. എന്തുകൊണ്ടാണ് പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതെന്ന് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്, ഖാര്‍ഗെ പറഞ്ഞു.