മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്; ഇനി നടപടി വൈകില്ല; രാഹുലിനെതിരെ കിട്ടിയ പരാതിയില്‍ എഐസിസി നടപടിക്ക്; രണ്ടു പരാതി കിട്ടിയിട്ടും അനങ്ങാതിരിക്കാനാകില്ലെന്ന് ഹൈക്കമാന്റ്; നാളെ കോടതി ജാമ്യം തള്ളിയാലുടന്‍ തീരുമാനം വരും; നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ കൂട്ടരാജിക്ക് സാധ്യതയെന്ന് പേടി

ന്യൂഡല്‍ഹി: കേരളത്തിലെ എംഎല്‍എക്കെതിരെ രണ്ടു പീഡന പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തിരക്കിട്ട നീക്കങ്ങളിലെന്ന് സൂചന.
സസ്പെന്‍ഷനിലുള്ള രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന കേരളത്തിലെ നേതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത് ഗൗരവത്തോടെയാണ് എഐസിസി കാണുന്നത്.
രണ്ടാമത്തെ പരാതി രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ലഭിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വെട്ടിലാകുമെന്നതിനാലാണ് പുറത്താക്കലടക്കമുള്ള കാര്യങ്ങള്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍ ഹൈക്കമാന്റ് അടിയന്തിര നടപടിയിലേക്ക് കടക്കുമെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ രാഹുലിന്റെ കാര്യങ്ങള്‍ ദീപദാസ് മുന്‍ഷി ഹൈക്കമാന്റിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കെപിസിസി തീരുമാനിക്കട്ടെ കാര്യങ്ങള്‍ എന്നായിരുന്നു ഹൈക്കമാന്റ് അന്ന് നിലപാടെടുത്തത്. എന്നാല്‍ രാഹുല്‍ ഒളിവില്‍ പോയതും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതും ആദ്യ പരാതിക്കാരി ഉന്നയിച്ചതെല്ലാം അന്വേഷണസംഘം ഏറെക്കുറെ ശരിവെച്ചതും ഇതിനെല്ലാം പുറമെ രാഹുലിനെതിരെ രണ്ടാമതൊരു പരാതി പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കും ലഭിച്ചതുമെല്ലാം ഹൈക്കമാന്ററിന് തീരുമാനമെടുത്തേ മതിയാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

രാഹുലിനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ നടപടി ധൃതിയില്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ കേരളത്തിലെ അവശേഷിക്കുന്ന ജനസമ്മിതി കൂടി ഈ ഒരൊറ്റ വിഷയം കാരണം കോണ്‍ഗ്രസിന് ഇല്ലാതാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത് ഹൈക്കമാന്ററ് വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്.
കെപിസിസി നേതൃത്വം രാഹുലിനെ കൈ വിടില്ലെന്ന് ഉറപ്പിച്ചപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലും പുറത്തും കടുത്ത അമര്‍ഷമുണ്ടായിട്ടുണ്ടെന്നും ദേശീയ നേതൃത്വം കൂടി അതേ നിലപാടെടുത്താല്‍ യുവനേതാക്കളുടെ കൂട്ടരാജിക്കു വരെ കേരളത്തിലെ കോണ്‍ഗ്രസില്‍ സാധ്യതയുണ്ടെന്ന അപകടവും കേരളത്തില്‍ നിനിന്ന് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് ലഭിച്ചു. പ്രിയങ്കഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കിയ വിവരം പുറത്തുവന്ന സ്ഥിതിക്ക് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
നാളെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചാല്‍ അക്കാര്യം മാത്രം ചൂണ്ടിക്കാട്ടി അല്‍പം കൂടി കാത്തിരിക്കാമെന്നാണ് ഹൈക്കമാന്റ് രാഹുല്‍ അനുകൂലികളെ ആശ്വസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒളിവില്‍ കഴിയുന്ന സമയത്തും കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഹുലും കൂട്ടരും തുടരുന്നുണ്ട്.






