ഇന്ത്യയെ തോല്‍വിയിലേക്ക് വലിച്ചിഴയ്ക്കുമെന്ന ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ വാക്കുകള്‍ ; ദക്ഷിണാഫ്രിക്കന്‍ പരിശീലകനെ അവഗണിച്ച് വിരാട്‌കോഹ്ലി ; കോണ്‍റാഡിന് കൈ കൊടുക്കാന്‍ കൂട്ടാക്കിയില്ല

റാഞ്ചി: ടീം ഇന്ത്യയെ അപമാനിച്ച ദക്ഷിണാഫ്രിക്കന്‍ പരിശീലകന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി. ടെസ്റ്റ് മത്സരം തൂത്തുവാരിയതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യയെ തരിപ്പണമാക്കുമെന്ന് വിവാദ പ്രസ്താവന നടത്തിയ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ശുക്രി കോണ്‍റാഡിന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കൈ കൊടുക്കാതെ അപമാനിച്ചു.
താന്‍ സെഞ്ച്വറി നേടിടീം വിജയം നേടിയ ആദ്യ ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരിശീലകന് ഹസ്തദാനം നല്‍കാന്‍ കോഹ്ലി കൂട്ടാക്കിയില്ല. പ്രോട്ടീസ് പരിശീലകനെ ഇന്ത്യന്‍ മുന്‍ നായകന്‍ അവഗണിക്കുന്നതിന്റെ വീഡിയോ പുറത്തുവരികയും ചെയ്തതോടെ വിവാദമായി. മത്സരത്തില്‍ ബാറ്റിംഗിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാഫുകളെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് കോണ്‍റാഡിനെ കോഹ്ലി ഒഴിവാക്കിയത്. ദക്ഷണാഫ്രിക്കന്‍ പരിശീലകന് കൈ കൊടുക്കാന്‍ കോഹ്ലി കൂട്ടാക്കിയില്ല. 120 പന്തുകളില്‍ നിന്നും കോഹ്ലി 135 റണ്‍സ് അടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം ഇന്ത്യ 17 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്ലിയുടേയും രോഹിതിന്റെയും മികവില്‍ 349 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 332 റണ്‍സിന് പുറത്തായിരുന്നു.
നേരത്തേ ഇന്ത്യയ്ക്ക് എതിരേ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 ന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. പരമ്പരയ്ക്കിടെ ഇന്ത്യയെ തോല്‍വിയിലേക്ക് വലിച്ചിഴയ്ക്കുമെന്ന ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ വാക്കുകള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ശുക്രിയുടെ പ്രഖ്യാപനത്തിന് എതിരേ സുനില്‍ഗവാസ്‌ക്കര്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ അകന്നു നില്‍ക്കണമെന്നായിരുന്നു മിക്ക താരങ്ങളുടെയും അഭിപ്രായം. ഈ സംഭവത്തിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകനെ അവഗണിച്ചത്.






