Breaking NewsKeralaLead NewsMovieNEWSNewsthen Special

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് കസറി; റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിച്ച് ജിത്തുജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 3; റെക്കോര്‍ഡ് തുകയ്ക്ക് പനോരമ സ്റ്റുഡിയോസുമായി കരാര്‍

 

തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ത്രില്ലടിച്ച് കാത്തിരിക്കുന്ന ദൃശ്യം 3 സിനിമയ്ക്ക് റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടം!!
ജിത്തുജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം യൂണിവേഴ്‌സിലിലെ മൂന്നാം ചിത്രമായ ദൃശ്യം 3 എന്ന ചിത്രത്തിന് പനോരമ സ്്റ്റുഡിയോസുമായി വമ്പന്‍ തുകയ്ക്ക് കരാറായി. ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് മലയാളക്കരയ്ക്ക് അഭിമാനിക്കാന്‍ ഈ നേട്ടം കൈവന്നിരിക്കുന്നത്. പനോരമ സ്റ്റുഡിയോസില്‍ നിന്ന് 350 കോടി രൂപയുടെ ഡീല്‍ ഈ സിനിമയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും ഇത്രയും വലിയ ഓഫര്‍ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ദൃശ്യം 3യുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു.

Signature-ad

 

കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇന്ത്യയ്ക്കു പുറത്ത് വിദേശഭാഷകളിലും വരെ റീമേക്കും ഡബ്ബുമായി ദൃശ്യം ഫ്രാഞ്ചൈസികളിലെ രണ്ടു ചിത്രങ്ങളും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിനു വേണ്ടി ആരാധകര്‍ ലോകമെമ്പാടും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ലോക ബോക്‌സോഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. ഒരു സസ്‌പെന്‍സ് കഥ കുടുംബപശ്ചാത്തലത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തും വിധം അവതരിപ്പിച്ച ദൃശ്യം ഒന്നും രണ്ടും ഇപ്പോഴും പുതുമ പോകാത്ത സിനിമകളാണ്.

 

ദൃശ്യം രാജ്യത്തെ ഏറ്റവും ജനപ്രിയമായ സിനിമാ ഫ്രാഞ്ചൈസികളിലൊന്നായതിനാലും ഇതിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച ബിസിനസ്സ് നേടിയിരുന്നതു കൊണ്ടും ദൃശ്യം 3 ഒരു വലിയ ഡീല്‍ നേടുമെന്ന് ഏതാണ്ട് ചിത്രീകരണ സമയത്തു തന്നെ ഉറപ്പായിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പനോരമ സ്റ്റുഡിയോസ് ഈ സിനിമയുടെ എല്ലാ അവകാശങ്ങളും സ്വന്തമാക്കുമ്പോള്‍ അതെല്ലാവരും പ്രതീക്ഷിച്ചതിനും മേലെയായി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശങ്ങളും നേരത്തെ വിറ്റുപോയിരുന്നു.

 

ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിക്കുമ്പോള്‍ തന്നെ 350 കോടി രൂപയുടെ ക്ലബ്ബില്‍ പ്രവേശിച്ചതായി രജപുത്ര ഫിലിംസിന്റെ രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമ കേരളമെന്ന ചെറിയൊരു സംസ്ഥാനത്തിന് പുറത്തേക്ക് എത്രമാത്രം വളര്‍ന്നിരിക്കുന്നുവെന്നതിന്റെ തെളിവാണ് റിലീസിനു മുന്‍പുള്ള ഈ കോടിക്കണക്കുകള്‍.
ഒരു പ്രാദേശിക ഭാഷാ ഇന്ത്യന്‍ ചിത്രം നിര്‍മ്മാണത്തിലിരിക്കെ ഇത്രയും വലിയ ബിസിനസ്സ് നേടുന്നത് ഇത് ആദ്യമായാണെന്നും രഞ്ജിത് അവകാശപ്പെട്ടു. ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന് പണം മുടക്കുന്ന പനോരമ സ്റ്റുഡിയോസ് മലയാള സിനിമയുടെ തിയേറ്റര്‍, ഓവര്‍സീസ്, ഡിജിറ്റല്‍ അവകാശങ്ങള്‍ വാങ്ങിയതോടെയാണ് ദൃശ്യം 3 350 കോടി രൂപയുടെ നേട്ടം കൈവരിച്ചത്.

മോഹന്‍ലാല്‍ ഈയിടെയാണ് ദൃശ്യം 3 മലയാളം പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അജയ് ദേവഗണും തെലുങ്ക് പതിപ്പില്‍ വെങ്കടേഷും അഭിനയിക്കും. മറ്റ് രണ്ട് പതിപ്പുകളുടെയും ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ മോഹന്‍ലാലിന്റെ സിനിമയ്ക്കൊപ്പം ഈ പതിപ്പുകള്‍ റിലീസ് ചെയ്യില്ല. ഒറിജിനല്‍ സിനിമ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കൂ എന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.

മറ്റ് രണ്ട് ഭാഷകളുമായി ബന്ധപ്പെട്ട താരങ്ങളും അണിയറപ്രവര്‍ത്തകരും ഒറിജിനല്‍ സിനിമയ്ക്ക് ബഹുമാനം നല്‍കാന്‍ ആഗ്രഹിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഏവരും കാത്തിരിക്കുന്ന ദൃശ്യം 3യുടെ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: