KeralaNEWS

സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് അനുമതി

കൊച്ചി: ഫ്‌ളാറ്റില്‍ നിന്നും വീണുമരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം യുവാവിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് ഹൈക്കോടതി അനുമതി നല്‍കി.

മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് വീട്ടുകാര്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കണ്ണൂര്‍ പയ്യാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.

Signature-ad

മൃതദേഹത്തെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിക്കാനും, വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കാനും അനുവദിക്കണണെന്ന് മരിച്ച യുവാവിന്റെ പങ്കാളി കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം യുവാവിന്റെ ബന്ധുക്കളുടെ അനുവാദത്തോടെ മാത്രമേ സാധിക്കൂ എന്നും, ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനും കോടതി നിര്‍ദേശിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പുറത്തിറക്കുമ്പോള്‍ ഹര്‍ജിക്കാരന് അന്തിമോപചാരം അര്‍പ്പിക്കാനാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ബന്ധുക്കളുമായി സംസാരിച്ചപ്പോള്‍ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടുകാരും സമ്മതം നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ പങ്കാളി ജെബിന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ഫ്‌ളാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മനുവിന്റെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിനാണ് പുലര്‍ച്ചെ ഫ്‌ളാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ മനുവിന് പരിക്കേറ്റത്. നാലാം തീയതി മരിച്ചു. എല്‍ജിബിടി വിഭാഗത്തില്‍പ്പെട്ട മനുവും ജെബിനും ആറു വര്‍ഷമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.

 

Back to top button
error: