എറണാകുളം: ലോറിയില്‍ കയറ്റി കൊണ്ടുപോയ ആനയുടെ കൊമ്പില്‍ എതിരെ വന്ന ലോറി ഇടിച്ച് ഒരു കൊമ്പ് പൂര്‍ണ്ണമായി തെറിച്ചുവീണു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് മൂത്തകുന്നം – പറവൂര്‍ ദേശീയപാതയില്‍ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. കൊളക്കാടന്‍ കുട്ടികൃഷ്ണന്‍ (20) എന്ന കൊമ്പനാനയാണ് അപകടത്തില്‍ പെട്ടത്.
കൊമ്പ് ഊരിപ്പോയ ഭാഗത്തെ രക്തസ്രാവം മൂലം ക്ഷീണിതനായ ആനയെ തൃശൂര്‍ ചാവക്കാട് മണത്തലയില്‍ എത്തിച്ചു അടിയന്തര ചികിത്സ നല്‍കി വരികയാണ്. അപകടം ഉണ്ടാക്കിയ ഗ്യാസ് കയറ്റി വന്ന ലോറി നിര്‍ത്താതെ ഓടിച്ചു പോയി. ഈ വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആനയെ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.