KeralaNEWS

ഭരണഘടനയില്‍ മതനിരപേക്ഷത വേണ്ടെന്ന് ബിജെപി എംപി; എതിര്‍ത്ത് ബെന്നി ബഹനാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നും ഭരണഘടനയില്‍ നിന്നു മതനിരപേക്ഷത എന്ന വാക്ക് എടുത്തുകളയണമെന്നും ബിജെപി എംപി സത്യപാല്‍ സിങ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഭരണകൂടം മതത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും പ്രധാനമന്ത്രി പൂജാരിയാകുന്നതു ഭരണഘടനയ്ക്കു ഭീഷണിയാണെന്നും പിന്നീടു പ്രസംഗിച്ച കോണ്‍ഗ്രസ് എംപി ബെന്നി ബഹനാന്‍ തിരിച്ചടിച്ചു.

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേയായിരുന്നു ബാഗ്പത് എംപിയും മുംബൈ മുന്‍ പൊലീസ് കമ്മിഷണറുമായിരുന്ന സത്യപാല്‍ സിങ്ങിന്റെ ആവശ്യം. മതത്തിന്റെ പേരില്‍ രാജ്യത്തെയും ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങളെയും കോണ്‍ഗ്രസ് വിഭജിച്ചു. പിന്നീട് ജാതിയുടെ പേരില്‍ വിഭജിച്ചു. ഭരണഘടനയില്‍ ‘മതനിരപേക്ഷത’ എന്ന വാക്കു ചേര്‍ത്ത് കോണ്‍ഗ്രസ് പാപം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ശ്രമം രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ കണ്ടെന്നും ഭരണഘടനയോടുള്ള അവഹേളനമാണു പ്രധാനമന്ത്രി നടത്തിയതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ച ബെന്നി ബഹനാന്‍ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റാരേക്കാളും എംപിമാര്‍ക്കു ബാധ്യതയുണ്ട്. മോദിയുടെ ഗാരന്റിയെക്കുറിച്ചു വീമ്പിളക്കുന്നവര്‍ മണിപ്പുരിന് എന്തു ഗാരന്റിയാണു നല്‍കുന്നത്? രാഷ്ട്രീയവും മതവും ഇടകലര്‍ത്തുന്നത് രാജ്യത്തിനു ഭീഷണിയാണ്. ഗാന്ധിജി മതത്തെ ദേശസ്‌നേഹം വളര്‍ത്താനുപയോഗിച്ചില്ലെന്നും ബെന്നി പറഞ്ഞു. പ്രസംഗത്തിനിടെ ബെന്നി ചില വ്യവസായികളുടെ പേരുദ്ധരിച്ചത് സ്പീക്കര്‍ രേഖകളില്‍ നിന്നു നീക്കം ചെയ്തു.

 

Back to top button
error: