KeralaNEWS

ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി; മേയ് ഒന്നിന് അന്തിമവാദം കേള്‍ക്കും

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ചൊവ്വാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്.

കേസില്‍ മേയ് ഒന്നിന് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കും. സുപ്രീംകോടതി നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദമുന്നയിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു.

Signature-ad

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

കേസില്‍ സി.ബി.ഐക്ക് താത്പര്യമില്ലെന്ന് വി.എം. സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ്.വി. രാജു അറിയിച്ചത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചവരുടെ ഹര്‍ജികളുമാണ് സുപ്രീം കോടതിയിലുള്ളത്.

Back to top button
error: