തിരുവനന്തപുരം: സംസ്ഥാനത്ത് വീട്ടമ്മമാരുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ത്തി ഡേറ്റിംഗ് ആപ്പുകളുടെ പേരില്‍ തട്ടിപ്പ്. പൊതുസ്ഥലത്ത് ജോലിക്ക് ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വിളിക്കുന്ന യുവതികളാണ് തട്ടിപ്പിന് ഇരയാകുന്നത്. തട്ടിപ്പ് സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികള്‍ പുരുഷന്മാരോട് വീഡിയോ കോളില്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പല യുവതികളെയും കൊണ്ട് സംഘം ഈ ജോലി ചെയ്യിപ്പിക്കുന്നത്. കൂടുതലും ജോലി അന്വേഷിക്കുന്ന വീട്ടമ്മമാരാണ് ഈ തട്ടിപ്പിന് ഇരയാകുന്നത്.
പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിച്ചാല്‍ വര്‍ക്ക് ഫ്രം ഹോം ആണെന്നാണ് സംഘം പറയുന്നത്. വീഡിയോ കോളിലൂടെ പുരുഷന്മാരുമായി കാഷ്വല്‍ സംസാരമാണ് ജോലി. അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ 3000 രൂപ വരെ ദിവസം സമ്പാദിക്കാമെന്നാണ് സംഘത്തിന്റെ വാഗ്ദാനം. നിരവധി സ്ത്രീകള്‍ ഈ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ, ജോലി വാഗ്ദാനം ചെയ്ത് പതിച്ച പോസ്റ്ററിലുള്ള നമ്പറില്‍ വിളിച്ചപ്പോഴുള്ള ഓഡിയോ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.
”ദിവസേന അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ 3000 രൂപയുടെ അടുപ്പിച്ച് വരുമാനം ഉണ്ടാക്കാം. രാവും പകലും ചെയ്ത് ഒന്നരലക്ഷം രൂപ വരെ സമ്പാദിക്കുന്നവരുണ്ട്. പലരാജ്യത്തുള്ള എന്‍ആര്‍ഐ മലയാളികളാണ് ആപ്പ് വഴി വിളിക്കുക. ഈ വിളിക്കുന്നവരോട് ഫ്രണ്ട്ലിയായി സംസാരിക്കുന്നതാണ് ജോലി. രാത്രി അവരോട് കോര്‍പ്പറേറ്റ് ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. പ്ലസ് ടുവില്‍ പഠിക്കുന്ന കുട്ടികള്‍ വരെ ഈ കൂട്ടത്തിലുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളെ കൂടെ ആഡ് ചെയ്താല്‍ അതിനനുസരിച്ചുള്ള ഗുണം നിങ്ങള്‍ക്കുമുണ്ടാകും”- തട്ടിപ്പ് സംഘം പറയുന്നു.
അതേസമയം, തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീഴുന്ന സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ എല്ലാം ചോര്‍ത്തിയെടുക്കും. പിന്നീട് ഇവര്‍ പറയുന്നത് അനുസരിക്കാതെ അവര്‍ക്ക് വേറെ വഴിയില്ലാത്ത സ്ഥിതിയാവും. കോളേജ് വിദ്യാര്‍ത്ഥിനികളെയാണ് സംഘം കൂടുതലായും ലക്ഷ്യമിടുന്നത്.