KeralaNEWS

പിണറായി വിജയൻ  മനസു തുറക്കുന്നു: ‘തന്റെ കൈകള്‍ ശുദ്ധമാണ് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണ് കമ്പനി തുടങ്ങിയത്

    മകള്‍ വീണയുടെ ഉടമസ്ഥതയിലെ  എക്സാലോജിക്ക് കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്ന് നിയമസഭയില്‍ അദ്ദേഹം വെളിപ്പെടുത്തി. തന്റെ കൈകള്‍ ശുദ്ധമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Signature-ad

‘നിങ്ങള്‍ ആരോപണം ഉയര്‍ത്തിക്കൊള്ളൂ, ജനം സ്വീകരിക്കുമോയെന്ന് കാണാം’ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒരു ആരോപണവും തന്നെ ഏശില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുമ്പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്കെതിരെ ആയി. ബിരിയാണി ചെമ്പ് എനൊക്കെ മുമ്പ് പറഞ്ഞതടക്കം ഒന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള്‍ ബംഗളൂരുവില്‍ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല.’ പിണറായി വിജയന്‍ പറഞ്ഞു.

‘ഞാന്‍ പരസ്യമായി ഒരു യോഗത്തില്‍ പറഞ്ഞല്ലോ. മനഃസമാധാനമാണ് പ്രധാനം. നിങ്ങള്‍ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. തെറ്റ് ചെയ്തെങ്കില്‍ മനഃസമാധാനം ഉണ്ടാകില്ല. ബാക്കിയെല്ലാം കേള്‍ക്കുമ്പോഴും തെറ്റായ കാര്യങ്ങള്‍ നമ്മളെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോഴും ഉള്ളാലെ ചിരിച്ചുകൊണ്ട് അത് കേള്‍ക്കാന്‍ പറ്റും. ഉള്ളാലെ ചിരിച്ചുകൊണ്ട് കേള്‍ക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലാണ് ഞാന്‍. ഒന്നും എന്നെ ഏശില്ല. ഏശാത്തത് ഇതുകൊണ്ടുതന്നെയാണ്. അതൊരു അഹംഭാവം പറച്ചിലൊന്നുമല്ല. ഈ കൈകള്‍ ശുദ്ധമാണ്. അതുകൊണ്ടാണ്. അതാരുടെ മുന്നിലും പറയാന്‍ കഴിയും. അല്‍പ്പം തലയുയര്‍ത്തി തന്നെ പറയാന്‍ കഴിയും.’
പിണറായി പറഞ്ഞു.

തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായിരുന്ന പിണറായി വിജയന്റെ ഭാര്യ കമല 2001 മുതല്‍ ഡെപ്യൂട്ടേഷനില്‍ സാക്ഷരതാ മിഷനില്‍ പ്രൊജക്ട് ഓഫീസറായിരുന്നു. 2013ലാണ് അവര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.

Back to top button
error: