ഇടുക്കി: ഇടുക്കി ലോക്‌സഭാ സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി സി.പി.എം. സീറ്റ് വിഭജനത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന- ദേശീയ നേതൃത്വങ്ങളാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായമായി അവിടെ നില്‍ക്കട്ടെയെന്നും സി.വി. വര്‍ഗീസ് പറഞ്ഞു.
നഷ്ടമായ ഇടുക്കി സീറ്റ് തിരിച്ചുപിടിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നാണ് സി.വി. വര്‍ഗീസ് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് എം ഇടുക്കി പാര്‍ലമെന്റ് സിറ്റ് ആവശ്യപ്പെടുമെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞിരുന്നു.
ഇത്തവണ ഇടുക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം നേരത്തെ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ജോയ്‌സ് ജോര്‍ജ് തന്നെയാകും ഇടതു സ്ഥാനാര്‍ഥി എന്ന സൂചനകള്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് എം ഇടുക്കി സീറ്റെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് ചേക്കേറിയതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സിപിഎം ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയിരുന്നു. ജോയിസ് ജോര്‍ജ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ പുറത്തു വരുമ്പോള്‍ ഇടതുപക്ഷത്തെ മറ്റു ഘടകകക്ഷികള്‍ക്ക് എതിര്‍ അഭിപ്രായങ്ങളും ഇല്ല.