പാലക്കാട്: ചുവട്ടുപാടത്തും അണയ്ക്കപ്പാറയിലും ദേശീയപാതയോരത്തെ അടച്ചിട്ട വീടുകളില്‍ നടന്ന മോഷണങ്ങളിലെ മുഖ്യപ്രതികളെ വടക്കഞ്ചേരി പോലീസ് പിടികൂടി. മലപ്പുറം തേഞ്ഞിപ്പലം കിഴക്കേകോട്ടായി പാലക്കാട്ടുവീട്ടില്‍ സൈനുദ്ദീന്‍ (42), മലപ്പുറം വലിയപറമ്പ് ചിറകര വീട്ടില്‍ മുസ്താക്ക് (38) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രധാന കണ്ണിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സിനാനെ (21) വടക്കഞ്ചേരി പോലീസ് ഈ മാസം 14-ന് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളെ പിടികൂടിയത്.
പകല്‍ കാറില്‍ സഞ്ചരിച്ച് നിരീക്ഷണം നടത്തി അടച്ചിട്ട വീടുകള്‍ കണ്ടെത്തി മോഷണം ആസൂത്രണംചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുവട്ടുപാടത്ത് പുതിയിടത്ത് വീട്ടില്‍ ജോജി എബ്രഹാമിന്റെ വീട്ടില്‍നിന്ന് 20,000 രൂപയും പത്തുപവനുമാണ് പ്രതികള്‍ കവര്‍ന്നത്. അണയ്ക്കപ്പാറയില്‍ സുരേഷ്‌കുമാറിന്റെ വീട്ടില്‍നിന്ന് ഒന്നരപ്പവനും ആറായിരം രൂപയും കവര്‍ന്നു. പ്രതികളെ വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വര്‍ണം കണ്ടെടുക്കാനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 964 സി.സി.ടി.വി. ക്യാമറകളാണ് പരിശോധിച്ചത്.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി സൈനുദ്ദീന്റെ പേരില്‍ അറുപതോളം മോഷണക്കേസുകളുണ്ട്. മിക്കകേസുകളിലും മുസ്താക്ക് കൂട്ടുപ്രതിയായും ഉള്‍പ്പെട്ടിട്ടുണ്ട്.
മോഷ്ടിക്കുന്ന സ്വര്‍ണവും പണവും ആഡംബരജീവിതം നയിക്കാനും ബന്ധുക്കളുടെയും മറ്റും പേരില്‍ സ്ഥലം വാങ്ങാനുമാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. തനിക്ക് ഗള്‍ഫില്‍ ജോലിയാണെന്നുപറഞ്ഞ് സൈനുദ്ദീന്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.